Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്സാര കാര്യങ്ങൾക്കു മൊബൈലിൽ വിളിക്കരുതെന്നു ജയിൽ മേധാവി

r-sreelekha ജയിൽ ഡിജിപി: ആർ.ശ്രീലേഖ

തിരുവനന്തപുരം∙ അപ്രസക്തമായ കാര്യങ്ങൾക്കു രാപകൽ ഭേദമെന്യേ ഔദ്യോഗിക മൊബൈൽ ഫോണിൽ വിളിച്ചു ബുദ്ധിമുട്ടിക്കരുതെന്നു ജയിൽ ഡിജിപി: ആർ.ശ്രീലേഖ. താരതമ്യേന അപ്രധാന കാര്യങ്ങൾ ഇത്തരത്തിൽ ജയിൽ മേധാവിയുടെ ഔദ്യോഗിക ഫോണിൽ നേരിട്ടു വിളിച്ചു സംസാരിക്കുന്നതു തികഞ്ഞ അച്ചടക്കലംഘനമാണെന്നും മുന്നറിയിപ്പുണ്ട്. ജയിൽ ഉദ്യോഗസ്ഥർക്കായി പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കുലറിൽ പറയുന്നത്:

ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ മുതൽ ജയിൽ സൂപ്രണ്ടുമാർ വരെ ഉദ്യോഗസ്ഥർ നിസ്സാര കാര്യങ്ങൾക്കും സ്ഥലംമാറ്റ ആവശ്യങ്ങൾക്കും ജയിൽദിന പരിപാടികൾ അറിയിക്കാനും വകുപ്പു മേധാവിയെ നിരന്തരം വിളിച്ചു ബുദ്ധിമുട്ടിക്കുന്നതായി കാണുന്നു. ഇത്തരത്തിൽ ഓഫിസ് സമയത്തും മറ്റും സന്ദർഭങ്ങളിലും വ്യക്തി താൽപര്യ സംബന്ധമായതും ഗൗരവമല്ലാത്തതുമായ വിഷയങ്ങൾ ഉന്നയിക്കേണ്ടതിനുവേണ്ടി ഉദ്യോഗസ്ഥർ അവരുടെ സ്വകാര്യ ഫോണിൽനിന്നു ജയിൽ മേധാവിയുടെ ഔദ്യോഗിക ഫോണിലേക്കു നേരിട്ടു വിളിച്ചു സംസാരിക്കുന്നത് അച്ചടക്ക ലംഘനമാണ്.

ഇനി മുതൽ ജയിൽ അച്ചടക്കത്തെയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന ഗൗരവ സന്ദർഭങ്ങളിലോ ഏതെങ്കിലും പ്രതികൾ ജയിലിൽനിന്നു രക്ഷപ്പെടുന്ന അവസരത്തിലോ ജയിൽ അന്തേവാസികളുടെ ഗുരുതര ആരോഗ്യ പ്രശ്നമോ മരണമോ ഉണ്ടാകുന്ന ഘട്ടത്തിലോ മാത്രം ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താൻ ജയിൽ മേധാവിയെ നേരിട്ടു മൊബൈൽ ഫോണിൽ വിളിക്കാം. മറ്റു വിഷയങ്ങൾ അറിയിക്കാൻ ജയിൽ മേധാവിയുടെ ഓഫിസിലെയോ ക്യാംപ് ഓഫിസിലെയോ ലാൻഡ് ഫോൺ നമ്പറിൽ മാത്രം വിളിക്കുക. ഈ നിർദേശം ഇന്നലെ മുതൽ തന്നെ കർശനമായി പാലിക്കണമെന്നു ഡിജിപിക്കുവേണ്ടി ജയിൽ ഐജി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

ജയിലിനുള്ളിൽ ഉദ്യോഗസ്ഥർക്കു മൊബൈൽ ഫോൺ വിലക്ക്

∙ സംസ്ഥാനത്തെ ജയിലുകളിൽ പ്രധാനപ്പെട്ടവർക്കൊഴികെ മറ്റ് ഉദ്യോഗസ്ഥർക്കു മൊബൈൽ ഫോൺ വിലക്ക്. അടുത്തിടെ പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു ജയിൽ ഉദ്യോഗസ്ഥൻതന്നെ തടവുകാരുടെ ഉപയോഗത്തിനായി മൊബൈൽ ഫോൺ എത്തിച്ചതു പിടിക്കപ്പെട്ടതോടെയാണ് ജയിൽ മേധാവി ആർ.ശ്രീലേഖ ജയിലിനുള്ളിൽ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ വിലക്കി ഉത്തരവു പുറപ്പെടുവിച്ചത്.

പ്രധാന ജയിലുകളിൽ ജൂനിയർ സൂപ്രണ്ടിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കും അല്ലാത്ത ജയിലുകളിൽ സൂപ്രണ്ടുമാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാം. മറ്റുദ്യോഗസ്ഥർ ജോലിക്കു വരുമ്പോൾ മൊബൈൽ ഉണ്ടെങ്കിൽ സൂപ്രണ്ട് നിർദേശിക്കുന്ന സ്ഥലത്തു സൂക്ഷിക്കണം. ഡ്യൂട്ടി കഴിയുമ്പോൾ തിരികെ വാങ്ങിക്കൊണ്ടു പോകാം. നിർദേശം കർശനമായി പാലിക്കണമെന്നും ശ്രീലേഖ നിർദേശിച്ചു.

related stories