Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ: സിപിഐ നിർവാഹക സമിതി അംഗം ഹരിത ട്രൈബ്യൂണലിൽ പരാതി നൽകി

munnar-1

തിരുവനന്തപുരം∙ മൂന്നാറിലെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗം പി.പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലിൽ പരാതി നൽകി. കേന്ദ്ര വനം–പരിസ്ഥിതി സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, വനം മേധാവി, ഇടുക്കി കലക്ടർ, ലാൻഡ് റവന്യു കമ്മിഷണർ, മൂന്നാർ ഡിഎഫ്ഒ, വൈൽഡ്‌ലൈഫ് വാർഡൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരാണ് എതിർകക്ഷികൾ.

ജോയ്സ് ജോർജ് എംപി ഉൾപ്പെടെയുള്ളവർ കേസിൽപെട്ട കൊട്ടാക്കമ്പൂരിലെ കയ്യേറ്റംവരെയുള്ള എല്ലാ പ്രശ്നങ്ങളും അക്കമിട്ടുനിരത്തിയാണു ഹർജി. ഇതോടെ, കുറിഞ്ഞിമല വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടു സിപിഎമ്മും സിപിഐയും തമ്മിൽ നിലനിൽക്കുന്ന ഭിന്നതയ്ക്കു പുതിയ മാനമായി. പരാതിയിൽ, കുറിഞ്ഞിമല വന്യജീവി സങ്കേതത്തിന്റെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

പരിസ്ഥിതിലോല പ്രദേശമായ മൂന്നാറിലെ കയ്യേറ്റങ്ങൾക്കുള്ള രാഷ്ട്രീയ പിന്തുണയും ചൂണ്ടിക്കാട്ടുന്നു. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ ശക്തമായ ചെറുത്തുനിൽപുകൾ ഉണ്ടാകുന്നു. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണു പ്രതിഷേധങ്ങൾ. ശക്തമായ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ഉടൻ തന്നെ സ്ഥലമാറ്റുന്നു. ഭൂവിനിയോഗ ചട്ടങ്ങളുടെ എല്ലാ സീമകളും ലംഘിക്കുകയാണ്. റിസർവ് വനം വൻതോതിൽ കയ്യേറുന്നു.

റവന്യുരേഖകളിൽ കൃത്രിമം കാണിച്ചാണു വനഭൂമി തട്ടിയെടുക്കുന്നത്. വനംകയ്യേറ്റത്തെ സാധൂകരിക്കാൻ വർഷങ്ങളായി റവന്യുവകുപ്പ് ഒട്ടേറെ വ്യാജ കൈവശാവകാശരേഖകളും പട്ടയങ്ങളും നൽകിയിട്ടുണ്ട്. വനഭൂമി ഇനം മാറ്റി ഉപയോഗിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി വേണം. അത്തരം അനുമതികൾ വാങ്ങാതെ റവന്യുരേഖകളിൽ തിരിമറി നടത്തിയാണു വ്യാപകമായി വനഭൂമി കയ്യേറുന്നത്. കെട്ടിടനിർമാണത്തിനു പഞ്ചായത്ത് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ എതിർപ്പില്ലാരേഖ നേടണമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇതു പാലിക്കപ്പെടുന്നില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി.