Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമീള ജയപാൽ ഫ്രം പാലക്കാട്

Pramila-Jayapal

യുഎസ് ജനപ്രതിനിധി സഭയിലെത്തിയ ആദ്യ മലയാളി, മനോരമയോടു സംസാരിക്കുന്നു

വാഷിങ്ടൻ ∙ പഠിച്ചു മിടുക്കിയാകണമെന്ന മോഹത്തോടെ പതിനാറാം വയസ്സിൽ യുഎസിലെത്തിയ മലയാളി പെൺകുട്ടി എത്തിച്ചേർന്ന ഉയരമാണ് പ്രമീള ജയപാൽ. പാർലമെന്റ് അംഗങ്ങൾക്കുള്ള മന്ദിരത്തിലെ നാലാംനിലയിലെ ഓഫിസിൽവച്ചു കണ്ടപ്പോൾ ഓരോ വാക്കിലും ആ ആത്മവിശ്വാസം. ‘എന്റെ നേട്ടത്തിൽ യുഎസിലെ ഇന്ത്യൻ സമൂഹം, പ്രത്യേകിച്ചു സ്ത്രീകൾ അഭിമാനത്തിലാണ്. രാഷ്ട്രീയത്തിലും ഭാവിയുണ്ടെന്ന് ഇന്ത്യൻ പെൺകുട്ടികൾ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അതാണു വലിയ സന്തോഷം’– പ്രമീള പറയുന്നു.

പാലക്കാട് ഈശ്വരമംഗലം മുടവൻകാട് പുത്തൻവീട്ടിൽ എം.പി.‌ജയപാലിന്റെയും എഴുത്തുകാരി മായ ജയപാലിന്റെയും മകളായി ചെന്നൈയിൽ ജനിച്ച ഈ അൻപത്തിയൊന്നുകാരി യുഎസ് ജനപ്രതിനിധിസഭയിലെത്തുന്ന ആദ്യ മലയാളി മാത്രമല്ല, ഏഷ്യക്കാരി കൂടിയാണ്. ‘തടസ്സങ്ങളുണ്ടായിരുന്നു. സ്ത്രീയാണ്, കുടിയേറ്റക്കാരിയാണ്. അതെല്ലാം മറികടന്നതിൽ, യുഎസ് മുന്നോട്ടുവയ്ക്കുന്ന സാധ്യതകൾ കൂടിയടങ്ങുന്നു.’

അച്ഛൻ സമ്പാദിച്ചു നൽകിയ 5000 ഡോളറിന്റെ ബലത്തിൽ ഒറ്റയ്ക്ക് അമേരിക്കയിലെത്തിയതാണു പ്രമീള. യുഎസിലെ വിദ്യാഭ്യാസം മകളെ ഉയരങ്ങളിലെത്തിക്കുമെന്ന വിശ്വാസമായിരുന്നു മാതാപിതാക്കൾക്ക്. ഡോക്ടർ‍, എൻജിനീയർ, അഭിഭാഷക ഇവയിൽ ഏതെങ്കിലുമൊന്നാകണമെന്ന നിബന്ധനയായിരുന്നു അച്ഛനെന്നു പ്രമീള ഓർമിക്കുന്നു. ‘ഞാനതിൽ ഒന്നുമായില്ല, എങ്കിലും അവർക്കു പരാതികളില്ല.’

ജോർജ് ടൗൺ സർവകലാശാലയിൽനിന്നു ബിരുദവും നോർത്ത് ടൗൺ സർവകലാശാലയിൽനിന്നു നിന്ന് എംബിഎയും നേടിയ പ്രമീള, ഇന്ത്യയിലുൾപ്പെടെ ആരോഗ്യ, ധനകാര്യ മേഖലകളിൽ ജോലി ചെയ്തശേഷമാണു യുഎസിൽ ചുവടുറപ്പിച്ചത്. 2001ൽ ‘ഹേറ്റ് ഫ്രീസോൺ’ എന്ന സന്നദ്ധസംഘടന രൂപീകരിച്ചു. കുടിയേറ്റക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളായിരുന്നു പ്രചോദനം. ഈ മേഖലയിലെ പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിലെത്തിച്ചു. ഇന്ന്, കുടിയേറ്റക്കാർക്കായും സ്വതന്ത്ര, ജനാധിപത്യ ചിന്തകൾക്കായും പോരാടുന്ന ശക്തയായ പുരോഗമനവാദി.

? കേരളത്തെക്കുറിച്ച്

ഒരു വർഷം മുൻപ് ഏതാനും ദിവസം ഞാൻ അവിടെയുണ്ടായിരുന്നു. അച്ഛനും അമ്മയും ഇപ്പോൾ ബെംഗളൂരുവിലാണ്. പാലക്കാട്ടു കുടുംബക്ഷേത്രവും മറ്റുമുണ്ട്. ഉപ്പേരിവറുക്കലും ചൂടുകാപ്പിയുമൊക്കെ കേരളത്തെക്കുറിച്ചുള്ള മോഹിപ്പിക്കുന്ന ഓർമകളാണ്. ഇനി വാരാണസിയിൽ പഠിക്കുന്ന മകന്റെയടുത്തു പോകുമ്പോൾ കേരളത്തിലുമെത്തണം.

? കുടിയേറ്റക്കാർ അക്രമികളാണെന്ന പുതിയ ചിത്രീകരണത്തെക്കുറിച്ച്

യുഎസ് കുടിയേറ്റക്കാരുടെ രാജ്യമാണ്. ഡെമോക്രാറ്റുകളോ, റിപ്പബ്ലിക്കൻ പാർട്ടിയോ കുടിയേറ്റക്കാർക്കെതിരല്ല. അക്രമികളിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ടാകാം. എന്നാൽ, എല്ലാ അക്രമികളും വിദേശികളാണെന്ന വാദത്തോടു യോജിക്കാനാകില്ല.

? ഇന്ത്യൻ സമൂഹം ഇതിനെ എങ്ങനെ കാണുന്നു

അവർ രാഷ്ട്രീയമായി കൂടുതൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. പൊതുവിദ്യാഭ്യാസത്തിനുള്ള ഊന്നൽ കുറയുന്നതിൽ അവർക്ക് ആശങ്കയുണ്ട്. വെറുപ്പിന്റെ പേരിലുള്ള അക്രമങ്ങൾ അവരെ ഭയപ്പെടുത്തുന്നു. ട്രംപിന്റെ വിജയം, അവരിൽ ഏറെപ്പേരെ അമ്പരപ്പിച്ചു. അപ്പോഴും, എന്നെപ്പോലെ ഒരു ഇന്ത്യക്കാരിക്കും അവസരങ്ങൾ തുറന്നിട്ട രാജ്യമാണു യുഎസ് എന്നതും കാണണം.