Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

250 മീൻപിടിത്ത തൊഴിലാളികൾ കൊച്ചിയിൽ തിരിച്ചെത്തി; ഒൻപതു പേർ മലയാളികൾ

തോപ്പുംപടി (കൊച്ചി) ∙ ഓഖി ചുഴലിക്കാറ്റിൽപെട്ടു ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ കുടുങ്ങിയ 22 ബോട്ടുകളും 250 തൊഴിലാളികളും കൊച്ചി ഹാർബറിൽ തിരിച്ചെത്തി. ഇവരിൽ ഒൻപതു മലയാളികളുണ്ട്. ബോട്ടുകൾ കവരത്തി, ആന്ത്രോത്ത്, കൽപേനി ദ്വീപുകളിൽ അഭയം പ്രാപിക്കുകയായിരുന്നെന്നു തിരിച്ചെത്തിയവർ പറഞ്ഞു. സമീപത്തുണ്ടായിരുന്ന പത്തോളം ബോട്ടുകൾ മുങ്ങിയതായും ഇവർ പറഞ്ഞു. വ്യാകുലമാതാ, സെന്റ് കാതറിൻ, സെന്റ് ആന്റണി, മാതാ, അർപ്പുത മാതാ, ബരാക്കുട, വിജോവിൻ, ആവേ മരിയ, ജെറോമിയ, താജ് മഹൽ ബോട്ടുകളാണു മുങ്ങിയതായി സംശയിക്കുന്നത്. മൃതദേഹങ്ങൾ കടലിൽ ഒഴുകിനടക്കുന്നെന്ന വിവരത്തെ തുടർന്നു തിരച്ചിലിനു സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ കപ്പൽ പുറപ്പെട്ടു.

350 പേരെപ്പറ്റി വിവരമില്ല

ചുഴലിക്കാറ്റിനു മുൻപു തോപ്പുംപടി ഹാർബറിൽനിന്നു കടലിൽ പോയ 30 ബോട്ടുകളെയും 350 തൊഴിലാളികളെയുംകുറിച്ച് ഇനിയും വിവരമില്ല. ചില ബോട്ടുകൾ മുങ്ങിയതായ സൂചനയിൽ വിശദമായ അന്വേഷണത്തിന് അധികൃതർ തയാറാകുന്നില്ലെന്നു തൊഴിലാളികൾക്കു പരാതിയുണ്ട്. കാണാതായ ബോട്ടുകളിലെ തൊഴിലാളികൾക്ക് എന്തു സംഭവിച്ചെന്ന് ഏജൻസികൾ അന്വേഷിക്കുന്നില്ലെന്നു ലോങ് ലൈൻ ബോട്ട് ആൻഡ് ബയിങ് ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ്, സി.ബി. റഷീദ്, അൻവർ എന്നിവർ പറഞ്ഞു.