Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃത സ്വത്ത്: ടോം ജോസിനെ വിജിലന്‍സ് കുറ്റവിമുക്തനാക്കി

Tom-Jose

കൊച്ചി ∙ അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കഴമ്പില്ലെന്ന് അന്വേഷണ സംഘം. ടോം ജോസിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ട് വിജിലൻസ് എറണാകുളം സ്പെഷൽ സെൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ടോം ജോസിന്റെ ഭാഗം കേൾക്കാതെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പാളിച്ചയുണ്ടായെന്ന സൂചനയും റിപ്പോർട്ടിലുണ്ട്.

ടോം ജോസ് അനധികൃതമായി 1.19 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നായിരുന്നു ജേക്കബ് തോമസ് ഡയറക്ടറായിരിക്കേ വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു. ടോം ജോസിന്റെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഫ്ളാറ്റുകളിൽ വിജിലൻസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഐഎഎസ് അസോസിയേഷന്റെ എതിർപ്പ് മറികടന്ന് ടോം ജോസിനെ എട്ടര മണിക്കൂർ ചോദ്യം ചെയ്തു. ഇതിനെല്ലാമൊടുവിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലാണ് ടോം ജോസിനെ അന്വേഷണ സംഘം കുറ്റവിമുക്തനാക്കിയത്. രഹസ്യാന്വേഷണം നടത്തുമ്പോൾ ടോം ജോസിന്റെ ഭാഗം േകട്ടിരുന്നില്ലെന്നാണ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ടിൽ വിജിലൻസ് വിശദീകരണം.

പിന്നീട് മൊഴിയെടുത്തപ്പോൾ മുൻപു കണക്കിൽപ്പെടുത്താതിരുന്ന 1.65 കോടി രൂപയുടെ വരുമാന സ്രോതസ് അദ്ദേഹത്തിനു വ്യക്തമാക്കാൻ കഴിഞ്ഞെന്നു റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. ഭാര്യാ പിതാവ് നൽകിയ ഒരു കോടി രൂപയും മ്യൂച്വൽ ഫണ്ട് വഴി സമാഹരിച്ച 65 ലക്ഷം രൂപയുമാണ് പുതുതായി കണക്കിൽ ചേർത്തത്. ഈ തുകയുമായി ബന്ധപ്പെട്ട രേഖകൾ ടോം ജോസ് സമർപ്പിക്കുകയും ചെയ്തു.