Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലക്കുറിഞ്ഞി സങ്കേതം: ചിലയിടത്ത് ജനവാസമുണ്ടെന്ന് മന്ത്രി ചന്ദ്രശേഖരൻ

ministers-munnar 24 കാരറ്റ് : വട്ടവട–കൊട്ടാക്കമ്പൂർ വില്ലേജുകളിലെ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പരിശോധിക്കാൻ എത്തിയ മന്ത്രിസഭാ ഉപസമിതി അംഗങ്ങൾക്കു കടവരിയിൽ നൽകിയ സ്വീകരണത്തിൽ മന്ത്രിമാരായ എം.എം. മണിയെയും ഇ. ചന്ദ്രശേഖരനെയും പച്ചക്കറികൾകൊണ്ടു തയാറാക്കിയ മാല അണിയിച്ചപ്പോൾ. മന്ത്രി കെ. രാജു സമീപം. ചിത്രം: അരവിന്ദ് ബാല

മൂന്നാർ∙ നിർദിഷ്‌ട നീലക്കുറിഞ്ഞി സങ്കേതത്തിലെ ചില സ്‌ഥലങ്ങളിൽ ജനവാസമുണ്ടെന്നു ബോധ്യപ്പെട്ടതായും നിയമസാധുതയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ.  മന്ത്രിമാരായ കെ.രാജു, എം.എം.മണി എന്നിവർക്കൊപ്പമാണ് മന്ത്രി കൊട്ടാക്കമ്പൂരിലെത്തിയത്. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയം വിവാദമായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം മന്ത്രിമാർ കൊട്ടാക്കമ്പൂർ സന്ദർശിച്ചത്. 

കൃത്യമായ രേഖകളുള്ളവരെ സംരക്ഷിക്കും. ഇതിനു  പരിശോധന വേണം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സെറ്റിൽമെന്റ് നടപടി പൂർത്തിയാക്കണം. സന്ദർശന റിപ്പോർട്ട് സർക്കാരിനു കൈമാറും. സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഇവിടത്തെ താമസക്കാരുടെയും കർഷകരുടെയും പ്രശ്‌നങ്ങൾ പരിഹരിച്ചു കൊണ്ട് നീലക്കുറിഞ്ഞി ഉദ്യാനം നടപ്പാക്കും. ജനങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കും –മന്ത്രി പറഞ്ഞു. 

നീലക്കുറിഞ്ഞി ഉദ്യാന പരിധിയിൽ ജനവാസ കേന്ദ്രങ്ങളും, കൃഷിയുമുണ്ടെന്നു സന്ദർശനത്തിലൂടെ ബോധ്യമായി. 2006ൽ നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചപ്പോൾ, പൂർണമായും അതിർത്തി നിർണയിച്ചല്ല നടപടികൾ സ്വീകരിച്ചത്. ഇതിന്റെ പേരിൽ ഒട്ടേറെ പരാതികളുണ്ടായി. ഇന്നലെയും ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചെന്നും ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രി സംഘം അതിർത്തിക്കല്ലുവരെ കണ്ടു; ജോയ്സിന്റെ ഭൂമി കാണാൻ പോയില്ല 

മൂന്നാർ∙ നീലക്കുറിഞ്ഞി ഉദ്യാന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രിമാരുടെ സംഘം കൊട്ടാക്കമ്പൂരിലെ വൻകിട കയ്യേറ്റക്കാരുടെ സ്‌ഥലത്തു കാലുകുത്താതെ പരിശോധന പൂർത്തിയാക്കി.   ഇടുക്കി എംപി ജോയ്‌സ് ജോർജിന്റേതുൾപ്പെടെയുള്ള സ്‌ഥലത്ത് റവന്യു–വനം–വൈദ്യുതി മന്ത്രിമാരടങ്ങുന്ന സംഘം പ്രവേശിച്ചില്ല. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തികൾ വേർതിരിക്കുന്ന അതിർത്തിക്കല്ലിനരികിലും കുറിഞ്ഞി ഉദ്യാനത്തിന്റെ പ്രവേശനകവാടത്തിനു മുന്നിലും പോയശേഷം മന്ത്രിമാർ മൂന്നാറിലേക്കു മടങ്ങി.  

ഇന്നലെ രാവിലെ പത്തേകാലോടെയാണു മന്ത്രിമാരുടെ സംഘം ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂരിലേക്കു തിരിച്ചത്. മൂന്നാർ ഗസ്‌റ്റ് ഹൗസിൽ 20 മിനിറ്റോളം കൂടിക്കാഴ്‌ചയ്‌ക്കു ശേഷമായിരുന്നു യാത്ര. വട്ടവട പഞ്ചായത്തിലെ കോവിലൂർ, കൊട്ടാക്കമ്പൂർ, കടവരി എന്നിവിടങ്ങളിൽ മന്ത്രിമാർക്ക് സ്വീകരണമുണ്ടായിരുന്നു.  

മൂന്നാറിൽ നിന്ന് 60 കിലോമീറ്റർ സഞ്ചരിച്ച് കേരള–തമിഴ്‌നാട് അതിർത്തിയായ കടവരിയിലെത്തി. അതിർത്തിക്കല്ലു കണ്ടു. കുറിഞ്ഞി ഉദ്യാനത്തിലേക്കു പ്രവേശിക്കുന്ന സ്‌ഥലത്തെ ബോർഡിനു മുന്നിൽ വച്ച് മാധ്യമങ്ങളോടു പ്രതികരിച്ചശേഷം സംഘം തിരികെ മൂന്നാറിലെത്തി. ഇന്നു 10ന് മൂന്നാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജനപ്രതിനിധികളുമായി ചർച്ച നടത്തും. 

വട്ടവട–കൊട്ടാക്കമ്പൂർ വില്ലേജുകളിലെ 62, 58 ബ്ലോക്കുകളിലാണു നിർദിഷ്‌ട കുറിഞ്ഞി ഉദ്യാനം. 58–ാം നമ്പർ ബ്ലോക്കിലാണു വൻകിട കയ്യേറ്റങ്ങൾ. ഇവിടെയാണ് രാഷ്ട്രീയ കോലാഹലങ്ങൾക്കു തുടക്കമിട്ട ജോയ്‌സ് ജോർജ് എംപിയുടെയും കുടുംബാംഗങ്ങളുടെയും വിവാദ ഭൂമി. 

നിയമപ്രശ്‌നത്തിൽപ്പെട്ട സ്ഥലമായതിനാലാണ് ജോയ്‌സ് ജോർജിന്റെ സ്‌ഥലം സന്ദർശിക്കേണ്ടെന്നു തീരുമാനിച്ചതെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ വിശദീകരിച്ചു. പട്ടയം റദ്ദാക്കിയതു സംബന്ധിച്ച് ജോയ്‌സ് ജോർജ്, ഇടുക്കി കലക്‌ടർക്ക് അപ്പീൽ നൽകിയ കാര്യവും മന്ത്രി ഓർമിപ്പിച്ചു. 

എസ്.രാജേന്ദ്രൻ എംഎൽഎ, വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി.രാമരാജ്, എഡിഎം: പി.ജി.രാധാകൃഷ്‌ണൻ, നീലക്കുറിഞ്ഞി ഉദ്യാനം സെറ്റിൽമെന്റ് ഓഫിസറും ദേവികുളം സബ് കലക്‌ടറുമായ വി.ആർ.പ്രേംകുമാർ, പ്രിൻസിപ്പൽ സിസിഎഫ് പി.കെ.കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എ.കെ.ഭരദ്വാജ്, ഫീൽഡ് ഡയറക്‌ടർ (പ്രോജക്‌ട്) ജോർജി പി.മാത്യു, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്‌മി എന്നിവരും കൂടെയുണ്ടായിരുന്നു.