Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിന്റെ മക്കൾക്കുവേണ്ടി കൈകോർക്കുക: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള നിധിയിലേക്കു സർക്കാർ ജീവനക്കാർ മൂന്നു ദിവസത്തെ വേതനം സംഭാവന ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. 10,000 രൂപയ്ക്കു മുകളിൽ പെൻഷൻ വാങ്ങുന്നവർ പകുതി തുകയെങ്കിലും നൽകണമെന്നും തൊഴിലാളികൾ ഒരു ദിവസത്തെ വേതനം നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

കഴിഞ്ഞ ദിവസം സംഭാവന നൽകാനെത്തിയ ഒരാൾ നിർദേശിച്ചതാണ്. അതു മാനിച്ച് താൻ ഇങ്ങനെയൊരു അഭ്യർഥന നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണു സഹായം സ്വീകരിക്കുന്നത്. അതിന് ആദായനികുതി വകുപ്പിന്റെ ഇളവ് ലഭിക്കും. ദുരിതാശ്വാസനിധിയിലേക്കു സ്വീകരിച്ചാലും തീരസംരക്ഷണം എന്നു പ്രത്യേകം അടയാളപ്പെടുത്തി തുക മാറ്റിവയ്ക്കും.

ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും പണം നൽകാം. ചെക്ക് ആണെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറി (ധനകാര്യം), ട്രഷറർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കണം. പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുന്നവർ മാറ്റേണ്ടത് ഈ അക്കൗണ്ട് നമ്പറിലേക്കാണ്. അക്കൗണ്ട് നമ്പർ: 67319948232 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം. ഐഎഫ്എസ് കോഡ്: SBIN0070028

ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മന്ത്രിമാർ ഒരു മാസത്തെ ശമ്പളമായ 55,012 രൂപ വീതം നൽകി. ഇന്നലെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം തീരുമാനിച്ച ഉടൻ മന്ത്രിമാർ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറി. മന്ത്രിമാരുടെ ഒരുമാസത്തെ അടിസ്ഥാന ശമ്പളം 1000 രൂപയാണ്. ഡിഎ, സിറ്റി കോംപൻസേറ്ററി അലവൻസ്, സ്പെഷൽ അലവൻസ് എന്നിവ കൂടി ചേർത്താണ് 55,012 രൂപ. മന്ത്രിമാരിൽനിന്ന് 9.9 ലക്ഷം രൂപ ലഭിച്ചു.