Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടയൊരുക്കം ഏറ്റവും വലിയ ജനമുന്നേറ്റം: ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ ഇടതു മുന്നണിയുടെ തകർച്ചയും യുഡിഎഫിന്റെ ഉയിർത്തെഴുന്നേൽപുമാണു പടയൊരുക്കം ജാഥയുടെ ഫലമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.വിവാദങ്ങളിൽപ്പെട്ട് അവസാനിപ്പിച്ച എൽഡിഎഫിന്റെ ജനജാഗ്രതായാത്രയും ഒരു ചലനവുമുണ്ടാക്കാതെ അവശേഷിച്ച ബിജെപിയുടെ കേരള രക്ഷായാത്രയും കഴിഞ്ഞു നടന്ന യുഡിഎഫിന്റെ പടയൊരുക്കം ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റമായി മാറിയെന്നു രമേശ് പറഞ്ഞു.  

കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്നു സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ ജാഥയ്ക്കു ദേശീയപ്രാധാന്യം കൈവരികയാണ്. നവംബർ ഒന്നിനു കാസർകോട്ടെ ഉപ്പളയിൽ പടയൊരുക്കം ഉദ്ഘാടനം ചെയ്യുമ്പോൾ രാജ്യത്തുണ്ടാകാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ കാഹളമായിരിക്കുമെന്ന് എ.കെ. ആന്റണി പറഞ്ഞതു സത്യമായി. ദേശീയ തലത്തിൽ രാഷ്ട്രീയമാറ്റങ്ങളുടെ കൊടുങ്കാറ്റു വീശിത്തുടങ്ങി. 

കേരളത്തിൽ ഭരണമുന്നണിയിലും കാറും കോളും ഉരുണ്ടു കൂടി. അതേസമയം, യുഡിഎഫിൽ ജാഥ സമാപിക്കുമ്പോൾ മുൻപെങ്ങുമില്ലാത്ത ഐക്യമാണു രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്തെ പ്രതിരൂപം എന്ന മട്ടിലാണു മുഖ്യമന്ത്രി പിണറായിയുടെ പ്രവർത്തനം. പത്രക്കാരെ അഭിമുഖീകരിക്കാനോ അവരുടെ ചോദ്യങ്ങൾ നേരിടാനോ രണ്ടു പേരും തയാറല്ല. 

താൻ പറയുന്നതു മാത്രം എഴുതിയാൽ മതി അല്ലാത്തപ്പോൾ കടക്കൂ പുറത്ത് എന്ന ഏകാധിപത്യ സ്വരമാണു പിണറായിയുടേത്. ശത്രുക്കളായി ഭാവിക്കുന്നുണ്ടെങ്കിലും ബിജെപിയും സിപിഎമ്മും പരസ്പരം സഹായിച്ചു നീങ്ങുന്ന ഗൂഢ അജൻഡ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാൻ ജാഥയിലൂടെ കഴിഞ്ഞു. 

ബിജെപി, ആർഎസ്എസ് നേതാക്കൾ എത്ര പ്രകോപനപരമായ കൊലവിളി പ്രസംഗങ്ങൾ നടത്തിയാലും  കേസെടുക്കുന്നില്ല. പിണറായിക്കെതിരായ ലാവ്‌ലിൻ കേസിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാതെ സിബിഐ ഒളിച്ചു കളിക്കുന്നത് ഇതുമായി ചേർത്തു വായിക്കുമ്പോൾ ചിത്രം വ്യക്തമാകും.   

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേട് ഓഖി ചുഴലിക്കാറ്റു ദുരന്തത്തിലും വ്യക്തമായി. 

ചുഴലിക്കാറ്റിൽപെട്ട്  ഉറ്റവരെ നഷ്ടപ്പെട്ട തീരപ്രദേശത്തേക്കു മുഖ്യമന്ത്രി തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.  എത്തിയ രണ്ടു മന്ത്രിമാരാകട്ടെ മത്സ്യത്തൊഴിലാളികളെ സാന്ത്വനിപ്പിക്കുന്നതിനു പകരം  പ്രകോപിപ്പിക്കുകയും അപമാനിക്കുകയുമാണു ചെയ്തത്. സർവകക്ഷി യോഗത്തിൽ പ്രഖ്യാപിച്ച സഹായം പോലും സമയത്തിനു ലഭ്യമാക്കിയില്ല.  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായ പടയൊരുക്കമാണു പൂർത്തിയാകുന്നതെന്നും ഇനി തീക്ഷ്ണമായ പോരാട്ടമായിരിക്കുമെന്നും രമേശ് പറഞ്ഞു.