Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിനെ കുത്തിയും പിണറായിയോട് പ്രിയം കാട്ടിയും കെ.എം. മാണിയും ജോസ് കെ. മാണിയും

km-mani കോട്ടയത്ത് കേരള കോൺഗ്രസ് (എം) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളന വേദിയിലെത്തിയ കെ.എം. മാണി, പി.ജെ. ജോസഫ്, ജോസ് കെ. മാണി, സി.എഫ്.തോമസ് തുടങ്ങിയവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: മനോരമ

കോട്ടയം ∙ സിപിഎമ്മിനെ എതിർക്കാതെയും കോൺഗ്രസിനെയും ബിജെപിയെയും നിശിതമായി വിമർശിച്ചും കേരള കോൺഗ്രസ് (എം) സംസ്ഥാന സമ്മേളനത്തിൽ കെ.എം.മാണിയുടെയും ജോസ് കെ.മാണിയുടെയും പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നത്തെ ഭരണത്തിൽ അഹങ്കരിക്കരുത്. മുഖ്യമന്ത്രി പിണറായി വിജയനോടും ഇതു തന്നെയാണു പറയാനുള്ളത്. എന്നാൽ പിണറായിയോട് ഒരു വിരോധവുമില്ല. പിണറായി വിജയൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു തീർച്ചയായും കേരള കോൺഗ്രസിന്റെ പിന്തുണയുണ്ട്. എന്നാൽ തെറ്റു ചെയ്താൽ അതു തെറ്റാണെന്നു പറയും – പാർട്ടി ചെയർമാൻ കെ.എം. മാണി ഉദ്ഘാടന പ്രസംഗത്തിനൊടുവിൽ പറഞ്ഞു. 

അതേ സമയം, വൈസ് ചെയർമാൻ കൂടിയായ ജോസ് കെ.മാണി എംപി പ്രസംഗത്തിലുടനീളം കോൺഗ്രസിനെ ശക്തമായി വിമർശിച്ചു. കേരള കോൺഗ്രസ് കുലംകുത്തികളല്ല; അങ്ങനൊരു ചരിത്രം പാർട്ടിക്കില്ല. ശത്രുക്കളല്ല, ഒപ്പം നടന്നവരാണു കേരള കോൺഗ്രസിനെ പിന്നിൽ നിന്നു കുത്തിയത് – സ്വാഗത പ്രസംഗത്തിൽ ജോസ് കെ.മാണി പറഞ്ഞു. 

കേരള കോൺഗ്രസ് നേതാക്കളുടെ രക്തമായിരുന്നു അവർക്കു വേണ്ടിയിരുന്നത്. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള തന്ത്രമാണ് അവർ പ്രയോഗിച്ചത് പക്ഷേ, ഒന്നും നടന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. നേതൃമാറ്റം ഇപ്പോൾ അജൻഡയിലില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാൻ കേരള കോൺഗ്രസിനു സാധിക്കും. കേരള കോൺഗ്രസ് പാർട്ടിക്ക് ആരോടും പകയോ വിദ്വേഷമോ ഇല്ലെന്നും ജോസ് കെ.മാണി പറഞ്ഞു. 

അധ്യക്ഷത വഹിച്ച പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് പ്രസംഗത്തിൽ രാഷ്ട്രീയ വിഷയങ്ങളൊന്നും നേരിട്ടു പറഞ്ഞില്ല. എന്നാൽ മുൻ സർക്കാർ നടപ്പാക്കിയ നയങ്ങൾ മാത്രമാണ് ഇൗ സർക്കാരും പിന്തുടരുന്നതെന്നു പറഞ്ഞതിലൂടെ യുഡിഎഫിനോടുള്ള ജോസഫ് വിഭാഗത്തിന്റെ ആഭിമുഖ്യത്തെപ്പറ്റി ഒരിക്കൽക്കൂടി ജോസഫ് സൂചന നൽകി. 

ഓഖി ചുഴലിക്കാറ്റിൽ മരിച്ചവർക്കും അന്തരിച്ച പാർട്ടി നേതാക്കൾക്കും ആദരാഞ്ജലി അർപ്പിച്ച് ആരംഭിച്ച സമ്മേളനത്തിൽ പാർട്ടി ഉപാധ്യക്ഷൻ സി.എഫ്.തോമസ് എംഎൽഎ, ജോയ് ഏബ്രഹാം എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ്, പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എന്നിവർ പ്രസംഗിച്ചു. 

വിവിധ ജില്ലകളിൽ നിന്നുള്ള പതിനായിരക്കണക്കിനു പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. നിർണായക രാഷ്ട്രീയ നയങ്ങൾ തീരുമാനിക്കുന്ന പ്രതിനിധി സമ്മേളനം ഇന്നു രാവിലെ 10നു ഹോട്ടൽ ഐഡയിൽ നടക്കും.