Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിയെ എൽഡിഎഫിന് ആവശ്യമില്ലെന്ന് കാനം; അപേക്ഷയുമായി ആരുടെ മുന്നിലും പോയിട്ടില്ലെന്ന് മാണി

mani-Kanam

വണ്ടൂർ∙ കെ.എം.മാണിയെ എൽഡിഎഫിന് ആവശ്യമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അവസരവാദികളെ എൽഡിഎഫിന് ആവശ്യമില്ല. അഴിമതിക്കാരെ വെള്ളപൂശി ഇടതുപക്ഷത്തു കൊണ്ടുവന്നാൽ അപ്പോൾ അഭിപ്രായം വ്യക്തമാക്കും. കോട്ടയത്ത് ചിലർ ഇടതുപക്ഷത്തേക്കു വരാൻ താൽപര്യം അറിയിച്ചതായി പറയുന്നുണ്ട്. തൽക്കാലം അത്തരം ആളുകളെ വേണ്ട. മാണി തയാറാണെങ്കിലും അക്കാര്യം ഇതുവരെ എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

അതേസമയം, മുന്നണി പ്രവേശനത്തിനായി ആരുടെ മുന്നിലും അപേക്ഷയുമായി പോയിട്ടില്ലെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി കോട്ടയത്തു പറഞ്ഞു.

ഇടതു മുന്നണിയിൽ കേരള കോൺഗ്രസിനെ ആവശ്യമില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മാണിയുടെ മറുപടി. 

കേരള കോൺഗ്രസ് ഉപാധി പട്ടിക മുന്നോട്ടു വയ്ക്കുകയാണ്. അതുമായി യോജിക്കുന്ന മുന്നണിക്കൊപ്പം ഞങ്ങൾ ചേരും. അല്ലാതെ പോകില്ല. അതിന് ഇടതുപക്ഷമെന്നോ വലതു പക്ഷമെന്നോ ബിജെപിയെന്നോ ഇല്ല. എന്നാൽ ക്ഷണിക്കുന്ന എല്ലായിടത്തും പോകില്ല. കേരള കോൺഗ്രസിന്റെ ഉപാധികൾ ആരും അംഗീകരിച്ചില്ലെങ്കിൽ പാർട്ടി ഒറ്റയ്ക്കു തന്നെ മുന്നോട്ടു പോകും. തനിച്ചു നിൽക്കുന്നിടത്തോളം സുഖം മറ്റൊന്നിനുമില്ല – കെ.എം.മാണി പറഞ്ഞു. 

കേരള കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ചേർന്ന പ്രതിനിധി സമ്മേളനത്തിനുശേഷം പ്രതികരിക്കുകയായിരുന്നു കെ.എം.മാണി. മുന്നണി പ്രവേശനം താമസിക്കാതെ ഉണ്ടാകുമെന്നും പിണറായി വിജയനോട് വിരോധമില്ലെന്നും കെ.എം.മാണി പറഞ്ഞു. എനിക്ക് എപ്പോഴും പിണറായി വിജയനോട് സോഫ്റ്റ് കോർണറുണ്ട്. പിണറായി അനാവശ്യമായി സംസാരിക്കില്ല.

കാര്യങ്ങൾ വിലയിരുത്തും പ്രവർത്തിക്കും. നോവിക്കുകയോ കുത്തുകയോ ഇല്ല. എന്നാൽ ഭരണത്തെ സംബന്ധിച്ചു വ്യത്യസ്ത അഭിപ്രായമുണ്ട്. അത് വ്യക്തിപരമല്ല – മാണി പറഞ്ഞു. ഏതു മുന്നണിയിലെന്ന കാര്യത്തിൽ അധികം താമസിക്കാതെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മാണി പറഞ്ഞു.

വെള്ളിയാഴ്ച നടന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയം പറയാതിരുന്നതു മനഃപൂർവമാണ്. സമ്മേളനത്തിൽ പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി പറഞ്ഞ കാര്യങ്ങളെല്ലാം വ്യക്തമാണ്. അതിനെ കൂടുതൽ വ്യാഖ്യാനിക്കേണ്ടതില്ല. – മാണി പറഞ്ഞു.

താൻ പറയുന്നത് പി.ജെ.ജോസഫ് പറയുന്നതിനു തുല്യമാണെന്നു കെ.എം.മാണി പറഞ്ഞു. പി.ജെ.ജോസഫ് മാധ്യമങ്ങളോടു പ്രതികരിച്ചില്ല.