Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐക്കെതിരെ ആഞ്ഞടിച്ചു സിപിഎം; നിലപാടിലുറച്ചു കാനം

cpm-cpi-flags

തിരുവനന്തപുരം∙ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിനെതിരെ ഇടതുമുന്നണി യോഗത്തിൽ സിപിഎമ്മിന്റെ രൂക്ഷ വിമർശനം. സിപിഐ ഒഴികെ കക്ഷികൾ ഇതിനോടു യോജിച്ചു. എന്നാൽ തങ്ങളുടേതു ശരിയായ തീരുമാനംതന്നെയായിരുന്നെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരിച്ചടിച്ചു.

അജൻഡയിൽ ഉൾപ്പെടുത്തിയാണു വിഷയം ചർച്ചചെയ്തത്. ബഹിഷ്കരണം അസാധാരണ നടപടിയായെന്ന് അഭിപ്രായപ്പെട്ട മുന്നണി കൺവീനർ വൈക്കം വിശ്വൻ, ആ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു. ഇതോടെയാണു ചർച്ച ആരംഭിച്ചത്. തോമസ് ചാണ്ടി രാജിവയ്ക്കുമെന്നു മന്ത്രിസഭാ യോഗത്തിനു തലേന്നു സിപിഐ നേതൃത്വത്തെ അറിയിച്ചതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ നടപടി തെറ്റായെന്നു തുടർന്നു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും കുറ്റപ്പെടുത്തി. മുന്നണിയിലെ മറ്റു കക്ഷികൾ നാളെ ഈ രീതി തുടർന്നാലോ? ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ടതിനു പകരം ഇത്തരം സമീപനങ്ങൾ സ്വീകരിക്കാൻ‍ പാടില്ലായിരുന്നെന്നും പിണറായി പറഞ്ഞു.

തുടർന്നാണു കാനം സംസാരിച്ചത്. ഭരണഘടനാ ലംഘനം നടത്തിയെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ട മന്ത്രിക്കൊപ്പം മന്ത്രിസഭയിൽ പങ്കെടുക്കേണ്ടതില്ലെന്നു സിപിഐ നേതൃത്വം തീരുമാനിച്ചു. ഇതു മുഖ്യമന്ത്രിയെ മുൻകൂട്ടി അറിയിച്ചിരുന്നു. മന്ത്രിമാർ നടപ്പാക്കിയതു പാർട്ടി തീരുമാനംതന്നെ. അതിൽ വിട്ടുവീഴ്ചയില്ലെന്നും കാനം ഉറപ്പിച്ചു പറഞ്ഞു. എങ്കിലും ഒറ്റക്കെട്ടായി നിൽക്കണമെന്ന നിലപാടാണു മറ്റു കക്ഷികൾ സ്വീകരിച്ചത്. 

മന്ത്രിസഭാ യോഗത്തിൽനിന്നു സിപിഐ വിട്ടുനിന്നതിനെക്കുറിച്ചു ചർച്ച ചെയ്തുവെന്നു വൈക്കം വിശ്വൻ പിന്നീടു മാധ്യമ പ്രവർത്തകരോടു പറഞ്ഞു. മുന്നണിയുടെ സുഗമമായ പ്രവർത്തനത്തെക്കുറിച്ചാണു ചർച്ച നടന്നത്. അതിനപ്പുറം ഒന്നുമില്ല. ജെഡിയു, കേരള കോൺഗ്രസ്(എം) എന്നീ കക്ഷികളുടെ മുന്നണി പ്രവേശം ചർച്ച ചെയ്തില്ല. യുഡിഎഫിൽ നിൽക്കുന്ന ജെഡിയുവിനെക്കുറിച്ച് ഇടതുമുന്നണി യോഗം ചർച്ചചെയ്യുന്നതു ശരിയല്ലെന്നും വിശ്വൻ പറഞ്ഞു. എന്നാൽ എം.പി.വീരേന്ദ്രകുമാർ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചശേഷം മുന്നണി പ്രവേശം ചർച്ചചെയ്താൽ മതിയെന്നാണ് എൽഡിഎഫ് തീരുമാനമെന്ന് അറിയുന്നു.