Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ: കത്ത് ചർച്ചയാക്കുന്നത് വിലക്കി ഹൈക്കോടതി; സർക്കാർ നടപടിക്കു വിമർശനം

oommen-chandy-pinarayi

കൊച്ചി ∙ സോളർ വിവാദ വിഷയത്തിൽ സരിത എസ്.നായർ എഴുതിയ കത്തിന്റെ ഉള്ളടക്കം ഇന്റർനെറ്റിലുൾപ്പെടെ മാധ്യമ, രാഷ്ട്രീയ ചർച്ചകൾക്കും പ്രസിദ്ധീകരണത്തിനും വിഷയമാക്കുന്നതു ഹൈക്കോടതി രണ്ടു മാസത്തേക്കു വിലക്കി. കത്തിന്റെ പ്രചാരണം മൂലമുള്ള പൊതുഅഭിപ്രായ രൂപീകരണം കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികളെയും ഉമ്മൻ ചാണ്ടിയുടെ സൽക്കീർത്തിയെയും ബാധിക്കാനിടയുണ്ടെന്നു വിലയിരുത്തിയാണു നടപടി. കമ്മിഷൻ റിപ്പോർട്ടിനെതിരെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹർജിയാണു സിംഗിൾ ജ‍ഡ്ജി പരിഗണിച്ചത്.

സോളർ ജു‍ഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് കിട്ടിയ ഉടൻ പത്രക്കുറിപ്പ് ഇറക്കിയ സർക്കാരിന്റെ നടപടിയെ വാദത്തിനിടെ കോടതി വിമർശിച്ചു. വ്യക്തിയുടെ സൽക്കീർത്തിയെ ബാധിക്കുന്ന കാര്യത്തിൽ വീണ്ടുവിചാരം വേണ്ടിയിരുന്നുവെന്നു കോടതി പറഞ്ഞു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യുന്നില്ലെന്നു കോടതി വ്യക്തമാക്കി.

സരിതയുടെ 2013 ജൂലൈ 19ലെ കത്ത് ചർച്ചകൾക്കു വിധേയമാക്കുന്നതു തടയുന്ന ‘ഗാഗ് ഓർഡർ’ മാത്രമാണു തൽക്കാലം ആവശ്യപ്പടുന്നതെന്ന് ഉമ്മൻ ചാണ്ടിക്കു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു. ഗാഗ് ഓർഡർ ഇറക്കിയാൽ കേസിലെ നടപടിക്രമങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും വിലക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ജനുവരി 15നു കേസ് തുടർവാദത്തിനു പരിഗണിക്കും.

കോടതി നിഗമനങ്ങൾ:

∙ കത്തിന്റെ ഉള്ളടക്കം പ്രചരിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സൽക്കീർത്തിയെ ബാധിക്കുക വഴി മൗലികാവകാശ ലംഘനമാകും.

∙ കോടതി നടപടികളിലൂടെ തെളിവുമൂല്യം വിലയിരുത്തിയിട്ടില്ലാത്ത കത്ത് ചർച്ച ചെയ്യപ്പെടുന്നതു വിചാരണയെ ബാധിക്കാനിടയുണ്ട്.

∙ കത്തിന്റെ വ്യാപക പ്രചാരണവും പൊതുഅഭിപ്രായ രൂപീകരണവും നീതിനടത്തിപ്പിനെ ബാധിക്കും

∙ ഹർജിക്കാരനു വിചാരണ നേരിടേണ്ടിവന്നാൽ ന്യായവിചാരണയ്ക്കുള്ള അവസരം നഷ്ടമാകും.

related stories