Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടപരിഹാരം 10 ലക്ഷമാക്കണം: ലത്തീൻ അതിരൂപത

Soosapakiam

തിരുവനന്തപുരം ∙ ഓഖി ചുഴലിക്കാറ്റിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കും കാണാതായവർക്കും കേന്ദ്രം പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക 10 ലക്ഷം രൂപയായി ഉയർത്തണമെന്നതുൾപ്പെടെ 3500 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടു ലത്തീൻ അതിരൂപതാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നിവേദനം നൽകി. തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഗെസ്റ്റ് ഹൗസിലെത്തി മോദിയെ നേരിൽ കണ്ടാണു നിവേദനം നൽകിയത്.

കേന്ദ്രസർക്കാരിൽ ഫിഷറീസ് മന്ത്രാലയം തുടങ്ങണമെന്നും ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു ദുരിതാശ്വാസ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ, മരണമടഞ്ഞവർക്ക് അനുവദിച്ച രണ്ടുലക്ഷം രൂപ 10 ലക്ഷമാക്കി ഉയർത്തണം. ഇതുൾപ്പെടെ കാണാതായവർക്കും മരണമടഞ്ഞവരുടെ ആശ്രിതർക്കും ധനസഹായം നൽകുന്നതിന് 300 കോടി രൂപ അനുവദിക്കണം. മൽസ്യത്തൊഴിലാളികൾക്ക് വീടുകളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് 1250 കോടിയും തീരദേശത്തു സുരക്ഷാ സംവിധാനം ഒരുക്കുന്നതിന് 750 കോടിയും അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഎസ്ആർഒയുമായി സഹകരിച്ച് 4000 ബോട്ടുകളിൽ ഉപഗ്രഹ നിയന്ത്രിത സംവിധാനം (80 കോടി), അപകടത്തിൽപ്പെടുന്ന മൽസ്യത്തൊഴിലാളികൾക്ക് അടിയന്തര ചികിൽസ നൽകാൻ 10 മറൈൻ ആംബുലൻസ് (70 കോടി), ദുരന്തത്തിൽ ബോട്ടുകൾ തകർന്നവർക്കു നഷ്ടപരിഹാരം (800 കോടി), സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും പ്രത്യേക സംവിധാനം (250 കോടി) എന്നിവയ്ക്കും തുക അനുവദിക്കണമെന്നാണു നിവേദനത്തിൽ ആവശ്യപ്പെട്ടത്.

നാവികസേന, കോസ്റ്റ് ഗാർഡ്, മറൈൻ പൊലീസ്, ഫിഷറീസ് സ്റ്റേഷൻ എന്നിവയിൽ മൽസ്യത്തൊഴിലാളികൾക്കു സംവരണം, തീരദേശ പൊലീസ് സേനയെ ശക്തിപ്പെടുത്തൽ, തിരുവനന്തപുരം കേന്ദ്രമാക്കി കേന്ദ്ര മറൈൻ കോളജ്, ദുരിതബാധിതർക്കു ഭവന– വിദ്യാഭ്യാസ വായ്പകൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനം എന്നിവ ഉൾപ്പെടെ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. യുജിൻ എച്ച്. പെരേര, ആർക്ക് എയ്ഞ്ചലോ എന്നിവരും ഒപ്പമുണ്ടായിരുന്നു.

related stories