Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ: ആരോപണങ്ങളുടെ പേരിൽ സർക്കാർ പത്രക്കുറിപ്പ് ഇറക്കിയെന്നു ഹൈക്കോടതി

Solar-report

കൊച്ചി ∙ സോളർ കമ്മിഷൻ റിപ്പോർട്ട് കിട്ടിയപാടേ വ്യക്തിയുടെ സൽപ്പേര് കളങ്കപ്പെടുത്തുന്ന തരത്തിൽ സംസ്ഥാന സർക്കാർ പത്രക്കുറിപ്പ് ഇറക്കണമായിരുന്നോ എന്നു ഹൈക്കോടതി. കമ്മിഷൻ റിപ്പോർട്ടിനെതിരെ ഉമ്മൻ ചാണ്ടി നൽകിയ ഹർജി പരിഗണിക്കവേ, സംസ്ഥാന സർക്കാരിനു വേണ്ടി സീനിയർ അഭിഭാഷകൻ ഇന്നെത്തുമെന്നും വാദം കേൾക്കാതെ ഉത്തരവു നൽകരുതെന്നും അഡീഷനൽ അഡ്വക്കറ്റ് ജനറൽ ശക്തമായി വാദിച്ചപ്പോഴായിരുന്നു ചോദ്യം. 

സരിതയുടെ കത്ത് പൊതുവേദിയിൽ ചർച്ചചെയ്യുന്നതു വിലക്കുന്ന ‘ഗാഗ് ഓർഡർ’ സർക്കാരിനെ എങ്ങനെ ബാധിക്കുമെന്നു കോടതി ചോദിച്ചു. ഇടക്കാല ഉത്തരവുപോലും പ്രധാനമാണെന്നു സർക്കാർ വാദിച്ചപ്പോൾ മൗലികാവകാശ സംരക്ഷണത്തിനു പൗരൻ എത്തുമ്പോൾ ഇടപെടേണ്ടതല്ലേ എന്നു കോടതി ആരാഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ പത്രക്കുറിപ്പ് ഇറക്കി. വ്യക്തികളുടെ സൽപ്പേരിനു കളങ്കം ചാർത്തുന്നതിലാണ് എതിർപ്പെന്നും കോടതി പരാമർശിച്ചു. 

കോടതി ഇടക്കാല ഉത്തരവിടുമെന്ന ഘട്ടമെത്തിയപ്പോൾ കേസ് ഉച്ചയ്ക്കു ശേഷമാക്കാമെന്നു സർക്കാർ അഭിഭാഷകൻ പറഞ്ഞു. കമ്മിഷൻ റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വച്ചതാണെന്നും സരിതയുടെ കത്ത് കമ്മിഷൻ രേഖകളുടെ ഭാഗമാക്കിയപ്പോൾ എതിർപ്പൊന്നും ഉന്നയിച്ചിരുന്നില്ലെന്നും ഉച്ചയ്ക്കുശേഷം അഡീഷനൽ എജി വാദിച്ചു. 

റിപ്പോർട്ടിനെ തുടർന്നുള്ള മറ്റു നടപടികൾക്കു തടസ്സമില്ലെന്നു കോടതി വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. കമ്മിഷൻ റിപ്പോർട്ടും തുടർനടപടികളും ചോദ്യം ചെയ്താണ് ഉമ്മൻ ചാണ്ടിയുടെ ഹർജി. സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തിലുള്ള കമ്മിഷൻ പരാമർശങ്ങളും റദ്ദാക്കണമെന്നാണു പ്രധാന ആവശ്യം. 

കമ്മിഷൻ നടപടികളിലെ നിയമ വിരുദ്ധത ചൂണ്ടിക്കാട്ടി വാദം

കൊച്ചി∙ സോളർ കമ്മിഷൻ നടപടികളിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ വാദം. കമ്മിഷന്റെ അധികാരത്തെക്കുറിച്ചു പറയുന്ന നിയമ വ്യവസ്ഥകൾ മറികടന്നതായി ഉമ്മൻ ചാണ്ടിക്കു വേണ്ടി ഹാജരായ കപിൽ സിബൽ ആരോപിച്ചു.

സ്വയം പരിഗണനാവിഷയങ്ങൾ വിപുലപ്പെടുത്തി. ആറു സ്വകാര്യവ്യക്തികളെ കക്ഷിചേർത്തു പരാതിക്കാരാക്കി. സരിതയുടെ കത്ത് കമ്മിഷൻ മുൻപാകെയെത്തിയ നടപടിക്രമം എന്താണ്? കത്തിന്റെ അടിസ്ഥാനത്തിൽ 600 പേജുകൾ റിപ്പോർട്ടിൽ എഴുതി – സിബലിന്റെ വാദങ്ങൾ ഇങ്ങനെ. വാദങ്ങൾ എതിർത്തു കക്ഷിചേരാൻ ബിജെപി നേതാവ് കെ.സുരേന്ദ്രൻ അപേക്ഷ നൽകി.

ഗാഗ് ഓർഡർ 

പ്രത്യേക വിഷയത്തിൽ പൊതുവേദിയിൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതു വിലക്കി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെയാണു ‘ഗാഗ് ഓർഡർ’ എന്നു വിശേഷിപ്പിക്കുന്നത്. വായ് മൂടിക്കെട്ടുക എന്നർഥമുള്ള ‘ഗാഗ്’ എന്ന വാക്കിൽനിന്നു തന്നെ സൂചന വ്യക്തം.