Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോയ്ക്ക് ഭൂമി നൽകിയവർക്കു കൂടുതൽ നഷ്ട പരിഹാരത്തിന് അർഹത: ഹൈക്കോടതി

Kerala-High-Court-2

കൊച്ചി ∙ മെട്രോ റെയിൽ പദ്ധതിക്കുവേണ്ടി സ്ഥലം വിട്ടുകൊടുത്തവർക്കു പുതിയ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം വർധിച്ച നഷ്ട പരിഹാരത്തിന് അർഹതയുണ്ടെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. സർക്കാരുമായുണ്ടാക്കിയ വിൽപനക്കരാറിൽ പറയുന്ന പ്രതിഫലത്തുക പ്രാഥമിക വിലയായി പരിഗണിച്ച് തുക വർധിപ്പിച്ചു കിട്ടാൻ ഭൂഉടമകൾക്ക് ആവശ്യപ്പെടാം. 

പുതിയ നിയമം നടപ്പാക്കുമ്പോൾ നഷ്ടപരിഹാരം കൂട്ടുന്നപക്ഷം അതിന് അർഹതയുണ്ടാകുമെന്നു സർക്കാർ ഭൂഉടമകളുമായുണ്ടാക്കിയ മിക്ക കരാറുകളിലും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ കോടതി ഏതെങ്കിലും കരാറിൽ അതില്ലെന്ന പേരിൽ അവരോടു വിവേചനം കാണിക്കരുതെന്നും കൂട്ടിച്ചേർത്തു.

പുതിയ നിയമപ്രകാരം നഷ്ടപരിഹാരം കൂട്ടിക്കിട്ടണമെന്നാവശ്യപ്പെട്ടു ഭൂഉടമകളായ അയ്യപ്പൻകാവ് സ്വദേശി ഷാനവാസ് തുടങ്ങിയവർ നൽകിയ ഹർജിയിൽ സിംഗിൾ ജഡ്ജി അനുകൂല ഉത്തരവിറക്കിയതിനെതിരെ സംസ്ഥാന സർക്കാരും കെഎംആർഎലും നൽകിയ അപ്പീലാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. നഷ്ട പരിഹാരം കൂട്ടിക്കിട്ടാൻ ഭൂഉടമകൾ ജില്ലാ കലക്ടർക്കു നിവേദനം നൽകേണ്ടതാണെന്നു കോടതി വ്യക്തമാക്കി. കലക്ടർ അപേക്ഷകൾ ആറാഴ്ചയ്ക്കുള്ളിൽ പുതിയ നിയമപ്രകാരമുള്ള അധികാരികൾക്കു വിടണം. ഭൂമി കൈവശത്തിലെടുത്ത തീയതി മുതൽ പലിശ നിശ്ചയിക്കാം. വർധിപ്പിച്ച നഷ്ടപരിഹാരത്തിനു പലിശ കണക്കാക്കുമ്പോൾ ഇതിനകം നൽകിയ സ്ഥലവില ഒഴിവാക്കിയുള്ള തുകയ്ക്കു പലിശ നിർണയിച്ചാൽ മതിയെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മെട്രോ റെയിലിനു സ്ഥലമെടുക്കുമ്പോൾ പുതിയ നിയമം നടപ്പാക്കാൻ ചട്ടം രൂപീകരിച്ചിരുന്നില്ലെന്നും അടിയന്തര സാഹചര്യത്തിൽ ഉടമകളുമായി ചർച്ചനടത്തി വാങ്ങുകയായിരുന്നുവെന്നും നഷ്ടപരിഹാരത്തുകയുടെ 80% നൽകി ഭൂമി കൈവശത്തിലെടുത്തുവെന്നും കെഎംആർഎൽ ബോധിപ്പിച്ചു. രാജ്യത്ത് വിവിധ സംസ്ഥാന സർക്കാരുകളും പൊതു സ്ഥാപനങ്ങളും ഇങ്ങനെ ഭൂഉടമകളുമായി ചർച്ചചെയ്തു ഭൂമി വാങ്ങുന്നുണ്ടെന്ന് അഡീഷനൽ അ‍ഡ്വക്കറ്റ് ജനറൽ അറിയിച്ചു. എന്നാൽ, നിയമം പ്രവർത്തനക്ഷമമാകും മുൻപ് താൽക്കാലിക സംവിധാനമെന്ന നിലയ്ക്കാണു വിൽപനക്കരാർ ഉണ്ടാക്കിയതെന്നു ഭൂഉടമകൾ വാദിച്ചു.

പുതിയ നിയമം നടപ്പായതോടെ ഭൂഉടമകളുമായി വിലപേശി സ്ഥലമെടുക്കാനുള്ള അധികാരം സർക്കാരിനു നഷ്ടപ്പെട്ടുവെന്നായിരുന്നു സിംഗിൾ ജഡ്ജിയുടെ വിലയിരുത്തൽ. എന്നാൽ, പുതിയ നിയമം വന്നാലും സാധാരണ പൗരനെപ്പോലെ ചർച്ച നടത്തി ഭൂമി വാങ്ങാൻ സർക്കാരിനു സാധ്യമാണെന്ന് അപ്പീൽഭാഗം വാദിച്ചു. ഏതായാലും, പുതിയ നിയമപ്രകാരം നഷ്ടപരിഹാരം കൂട്ടിയാൽ അതിന് അർഹതയുണ്ടാകുമെന്നു മെട്രോ റെയിൽ സ്ഥലമെടുപ്പിന്റെ മിക്ക കരാറുകളിലും വ്യവസ്ഥയുള്ളതിനാൽ ഇവിടെ പുതിയ നിയമം ബാധകമാണെന്നു കോടതി വിലയിരുത്തി. നഷ്ടപരിഹാര നിർണയത്തിന്റെ നടപടിക്രമങ്ങൾ പുതിയ നിയമത്തിൽ പറയുന്നുണ്ടെന്നും വ്യക്തമാക്കി.

പുതിയ നിയമം

പൊതു ആവശ്യങ്ങൾക്കുള്ള സ്ഥലമെടുപ്പിനു കമ്പോളവിലയും അത്രതന്നെ ആശ്വാസ ധനവും അധിക വിപണിവിലയും പലിശയും മറ്റും ഉൾപ്പെടുത്തി നഷ്ടപരിഹാരം നിർണയിക്കാൻ വ്യവസ്ഥ ചെയ്യുന്ന 2013ലെ സ്ഥലമേറ്റെടുക്കൽ നിയമം 2014 ജനുവരി ഒന്നിനാണു പ്രാബല്യത്തിൽ വന്നത്. ന്യായമായ നഷ്ട പരിഹാരവും സുതാര്യമായ ഭൂമിയേറ്റെടുക്കലും പുനരധിവാസവും ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള പുതിയ നിയമത്തിന്റെ ഗുണഫലം അർഹതപ്പെട്ടവർക്കു നിഷേധിക്കാനാവില്ലെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവാണ് അപ്പീലിന് ആധാരം.