Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രങ്ങൾ മിന്നിയില്ല; കടലിൽ കണ്ണുംനട്ട് തീരം കാത്തിരിപ്പിൽ

poonthura തിരുപ്പിറവി ദിനാഘോഷത്തിൽ മുഴുകേണ്ടവർ ഉറ്റവരുടെ വേർപാടിന്റെ മുറിവിൽ. ഓഖിയുടെ ദുരന്തമേറ്റു വാങ്ങിയ പൂന്തുറയിലെ പള്ളിമുറ്റത്ത് ക്രിസ്മസിനു തലേന്നും പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനു കാത്തിരിക്കുന്നവർ. മരിച്ചവരുടെ ചിത്രങ്ങൾ പശ്ചാത്തലത്തിൽ. ചിത്രം: മനോരമ

തിരുവനന്തപുരം∙ നക്ഷത്രങ്ങൾ മിന്നിത്തെളിയേണ്ടിയിരുന്ന തീരങ്ങളിൽ ഇന്നലെ ഉണ്ടായിരുന്നതു കറുത്ത കൊടികളും മരിച്ചവരുടെ ചിത്രങ്ങളും മാത്രം. ഉറ്റവർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കാത്തിരുന്നവർക്കു കണ്ണീരിന്റെ ഒരു ദിനം കൂടി.

ഓഖി ചുഴലിക്കാറ്റിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ വലിയപങ്കും ഇനിയും തിരികെയെത്തിയിട്ടില്ല. അവരെത്താതെ ഇനി തീരങ്ങൾക്ക് ആഘോഷങ്ങളില്ല. ആ ദുഃഖം ഏറ്റെടുത്തു നഗരങ്ങളിലും ഇത്തവണ കാര്യമായ ക്രിസ്മസ് പരിപാടികളില്ല. പൂന്തുറയും വിഴിഞ്ഞവും ഇപ്പോഴും ദുരന്തത്തിന്റെ ആഘാതത്തിലാണ്. ഒഴിഞ്ഞ, നിശബ്ദമായ തെരുവുകൾ. കാണാതായവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി പള്ളിമുറ്റത്തു വച്ച ബോർഡുകളിൽനിന്ന് ഉറ്റവരുടെ പേരുകൾ വെട്ടുന്നതും കാത്തു കഴിയുകയാണു കുടുംബങ്ങൾ. 

ക്രിസ്മസിനും പുതുവത്സരനാളിലും രാവിലെ സ്ത്രീ–പുരുഷഭേദമെന്യേ കടലിൽ കുളിക്കുന്നതു വർഷങ്ങൾ‌ പഴക്കമുള്ള ആചാരവും ആഘോഷവുമാണ്. ഇത്തവണ അതൊന്നുമുണ്ടാകില്ല. പൂന്തുറ സെന്റ് തോമസ് പള്ളിക്കു മുൻപിൽ ദുരന്തത്തിനു ശേഷമുയർന്ന കൂടാരങ്ങൾ ഇതുവരെ നീക്കിയിട്ടില്ല. അതിനുള്ളിൽ ഇപ്പോഴും ഉറ്റവരെ കാത്തിരിക്കുന്നവരുണ്ട്. കടലിൽനിന്ന് ഉയിരോടെ തിരിച്ചെത്തിയ 58 പേർ പൂന്തുറ പള്ളിയിൽ ഇന്നലെ പാതിരാ കുർബാനയിൽ കാഴ്ചകൾ സമർപ്പിച്ചു. വിഴിഞ്ഞം സിന്ധുയാത്ര മാതാ പള്ളിയിലെ തിരുനാളിന്റെയും ആഘോഷങ്ങൾ ഒഴിവാക്കി.

related stories