Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയൽ നികത്തൽ നിയമം: ഓർഡിനൻസ് ഇറക്കും

തിരുവനന്തപുരം∙ നെൽവയലുകളും തണ്ണീർത്തടവും നികത്തിയതു ക്രമപ്പെടുത്തുന്നതിന് അനുമതി നൽകാനുള്ള പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരം എടുത്തുകളഞ്ഞ് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ തീരുമാനം. 

പഞ്ചായത്തിന്റെ അനുമതി വേണമെന്ന 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പിലാണു മാറ്റം വരുത്തിയത്. പൊതു ആവശ്യങ്ങൾക്കായി നെൽവയൽ നികത്താനുള്ള ഇളവ് സർക്കാർ പദ്ധതികൾക്കു മാത്രമാക്കി പരിമിതപ്പെടുത്തി. സർക്കാരിനു നേരിട്ടു പങ്കാളിത്തമുള്ള പദ്ധതികൾക്കും ഇളവു ലഭിക്കും.

ഓർഡിനൻസ് അംഗീകരിക്കുന്നതിനു മുൻപു സിപിഎം, സിപിഐ നേതൃത്വങ്ങൾ ചർച്ച ചെയ്തു ധാരണയിൽ എത്തിയിരുന്നു. തദ്ദേശ സ്ഥാപനത്തിന്റെ അനുമതിക്കു പകരം തദ്ദേശ സ്ഥാപനത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ഫീസ് ഈടാക്കി 2008 ഓഗസ്റ്റ് 12 വരെ നികത്തിയവ ക്രമപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതിയാണ് അംഗീകരിച്ചത്. റവന്യു വകുപ്പായിരിക്കും ഇതു കൈകാര്യം ചെയ്യുക. ഗവർണർ അംഗീകരിക്കുന്നതോടെ നിയമഭേദഗതി നിലവിൽ വരും.

ഇതു സംബന്ധിച്ച അപേക്ഷകൾ സംസ്ഥാനതല അവലോകന സമിതിയുടെ പരിഗണനയ്ക്കു സമർപ്പിക്കണം.സമിതി വിശദമായി പരിശോധിച്ചു രണ്ടു മാസത്തിനകം സർക്കാരിനു റിപ്പോർട്ട് നൽകും. തുടർന്നാണു സർക്കാർ അനുമതി നൽകുക.

റിപ്പോർട്ട് ലഭിച്ചാൽ 15 ദിവസത്തിനകം അപേക്ഷകനു മറുപടി നൽകണമെന്നു വ്യവസ്ഥയുണ്ട്. ഇതോടെ എല്ലാ അപേക്ഷകളിലും തീരുമാനം ഒരിടത്തുനിന്നു മാത്രമാകും. ഇപ്പോൾ നിലവിലുള്ള പ്രാദേശിക വയൽ സംരക്ഷണ സമിതികൾ ഭേദഗതിയോടെ ഇല്ലാതാകും.

തരിശിട്ടിരിക്കുന്ന നെൽവയലുകളിൽ ഉടമയുടെ അനുമതിയോടെ കൃഷി ഇറക്കാമെന്ന വ്യവസ്ഥ നിയമത്തിൽ ഉണ്ടായിരുന്നതു ഭേദഗതി ചെയ്തു. ഉടമയുടെ അനുമതിയില്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്കു കൃഷിയിറക്കാമെന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നെൽവയൽ നികത്തൽ ജാമ്യമില്ലാ കുറ്റം: മന്ത്രി

തിരുവനന്തപുരം∙ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കുന്നതോടെ നെൽവയൽ നികത്തുന്നതു ജാമ്യമില്ലാത്ത കുറ്റമായി മാറുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. സംസ്ഥാനത്തെ നെൽകൃഷിയുടെ വിസ്തൃതി മൂന്നു ലക്ഷം ഹെക്ടർ ആക്കുകയാണു ലക്ഷ്യം. തരിശിട്ട വയലുകളിൽ ഉടമ അനുവദിച്ചില്ലെങ്കിലും കൃഷി ഇറക്കാനുള്ള വ്യവസ്ഥ അതിനാണ്. 

98000 ഹെക്ടർ തരിശു ഭൂമിയുണ്ടെന്നാണു കണക്ക്. നിയമഭേദഗതി വരുന്നതോടെ വയൽ തരിശിട്ടാൽ ഉടമയ്ക്കു നോട്ടിസ് നൽകി സർക്കാരിനോ, തദ്ദേശ സ്ഥാപനത്തിനോ ഏതെങ്കിലും ഏജൻസിയെ കൃഷിയിറക്കാൻ ഏൽപ്പിക്കാം. ലാഭത്തിന്റെ ഒരു വിഹിതം  ഉടമയ്ക്കു നൽകും– മന്ത്രി അറിയിച്ചു.

ഗെയിൽ വഴി വെട്ടിയ ഓർഡിനൻസ്

ഗെയിൽ പൈപ്പ്‌‌ലൈൻ പദ്ധതിക്കെതിരെയുള്ള ശക്തമായ സമരമാണ് ഇത്തരമൊരു ഓർഡിനൻസിലേക്കു സർക്കാരിനെ നയിച്ചത്. പദ്ധതിക്കുവേണ്ടി ഇരുപതിലേറെ മേഖലകളിൽ വയൽ നികത്തണം. ഇതിനു പല പ്രാദേശിക വയൽ സമിതികളും അനുമതി നിഷേധിച്ചതോടെയാണു പുതിയ തീരുമാനം. നിയമത്തിന്റെ പത്താം വകുപ്പിലാണ് ഇതിനായി ഭേദഗതി വരുത്തി ഓർഡിനൻസ് പുറത്തിറക്കുന്നത്. നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തുന്നതിനൊപ്പം സർക്കാർ പദ്ധതികളുടെ സുഗമമായ നടത്തിപ്പും ലക്ഷ്യമാക്കിയാണ് ഓർഡിനൻസ് എന്ന് അധികൃതർ പറയുന്നു.