Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബ ചുമതല നിറവേറ്റുന്നതിന്റെ പേരിൽ സ്ത്രീ തൊഴിലാളികളോട് വിവേചനം പാടില്ല

Representative Image Representative Image

കൊച്ചി ∙ കുട്ടികളെ പരിചരിക്കാനുള്ള കുടുംബ ചുമതല നിറവേറ്റുന്നതിന്റെ പേരിൽ സ്ത്രീത്തൊഴിലാളികളോടു വിവേചനം പാടില്ലെന്നു ഹൈക്കോടതി. അവധിക്കു സർവീസ് ചട്ടങ്ങൾ ബാധകമാണെങ്കിലും മൗലികാവകാശങ്ങളുടെ ബലത്തിലുള്ള ക്ലെയിം അവഗണിക്കരുത്. ഇതിനായി നിയമനിർമാണം നടത്തണമെന്നും കോടതി നിർദേശിച്ചു. വിധിന്യായത്തിന്റെ പകർപ്പ് കേന്ദ്ര – സംസ്ഥാന നിയമ മന്ത്രാലയങ്ങൾക്കും ലോ കമ്മിഷൻ ഓഫ് ഇന്ത്യയ്ക്കും സംസ്ഥാന തൊഴിൽ, സാമൂഹികക്ഷേമ വകുപ്പുകൾക്കും അയയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.

കുടുംബ ബാധ്യതയുടെ പേരിൽ ജോലിക്കു ഹാജരാകാനാകാതെവരുന്ന സ്ത്രീത്തൊഴിലാളിക്കെതിരെ അച്ചടക്ക നടപടിക്കു കാരണമില്ല. അതേസമയം, മാതൃത്വത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നുവെന്നതു മാത്രം ജോലിക്കു പോകാതിരിക്കാനുള്ള കാരണമല്ല. കുട്ടിയെ പരിചരിക്കേണ്ടതിനാൽ ഹാജരാകാനാവില്ലെന്നു സ്ഥാപിക്കേണ്ടിവരും. തടസ്സം എന്താണെന്നും മറ്റു പോംവഴിയില്ലെന്നും ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. 

കുടുംബ ബാധ്യത പുരുഷനും 

കുടുംബപരമായ ഉത്തരവാദിത്തം സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണ്. പ്രായമായ മാതാപിതാക്കളുടെ പരിചരണം, കുട്ടികളുടെ പരിചരണം, രോഗാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളൊക്കെ കുടുംബപരമായ ബാധ്യതകളുടെ പരിധിയിൽ വരും. തൊഴിൽ ക്രമീകരണം വേണമെന്നു തൊഴിലാളിക്കു സ്ഥാപിക്കാനായാൽ തൊഴിലുടമ അത് അനുവദിച്ചു നൽകണം. 

അമ്മ ചെയ്യുന്നത് രാജ്യത്തിന്റെ ഉത്തരവാദിത്തം

രാജ്യം നിറവേറ്റേണ്ട ചുമതലകളാണ് അമ്മയെന്ന നിലയിൽ സ്ത്രീ ചെയ്യുന്നത്. കുട്ടികളുടെ ഭാവിക്കുവേണ്ടി ഒട്ടേറെ വിഭവങ്ങൾ രാജ്യം നിക്ഷേപിക്കുന്നു. അമ്മ കുട്ടിക്കു നൽകുന്ന പരിചരണത്തെ ഈ പശ്ചാത്തലത്തിൽ പരിഗണിക്കണം. ശിശുപരിചരണത്തിനു കേന്ദ്രസർക്കാർ നൽകുന്ന പ്രാധാന്യത്തിനു തെളിവാണു രണ്ടു വർഷംവരെയുള്ള ശിശുപരിചരണ അവധി.

വിധിയുടെ പശ്ചാത്തലം

ഭിന്നശേഷിയുള്ള കുട്ടിയുടെ പരിചരണത്തിനായി ജോലിക്കു ഹാജരാകാതിരുന്നതിനു പുറത്താക്കപ്പെട്ട എൽഐസി അസിസ്റ്റന്റ് കെ.ടി.മിനി സമർപ്പിച്ച ഹർജിയാണു പരിഗണിച്ചത്. സാഹചര്യം പരിഗണിച്ച് അവർക്കു സൗകര്യപ്രദമായ മാറ്റങ്ങൾ എൽഐസി അനുവദിക്കേണ്ടതായിരുന്നുവെന്നു വിലയിരുത്തിയ കോടതി, അവരെ സർവീസിൽ തിരിച്ചെടുക്കണമെന്നു നിർദേശിച്ചു.