Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരിതയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര്: ഗണേശിന്റെ ഗൂഢാലോചനയെന്നു ഫെനി

Feni-Saritha

കൊട്ടാരക്കര∙ സരിത എസ്.നായർ സോളർ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻമന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകൾ അടങ്ങിയ നാലു പേജുകൾ കൂട്ടിച്ചേർത്തതു കെ.ബി.ഗണേശ്കുമാർ എംഎൽഎയുടെ നിർദേശപ്രകാരമെന്നു സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ മൊഴി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ മൊഴിയിലാണ് ഫെനി ഇക്കാര്യം വ്യക്തമാക്കിയത്.

മൊഴിയിൽനിന്ന്: 2015 മേയ് 13നു കൊട്ടാരക്കരയിലാണ് ഗൂഢാലോചന നടന്നത്. ഗണേശിന്റെ പിഎ പ്രദീപ്കുമാറും ബന്ധു ശരണ്യ മനോജും ഇതിൽ പങ്കാളികളാണ്. സോളർ കമ്മിഷനിൽ ഹാജരാക്കിയ കത്തിന് 25 പേജുണ്ട്. സരിതയുടെ കത്ത് പത്തനംതിട്ട ജില്ലാ ജയിലിൽ താൻ കൈപ്പറ്റുമ്പോൾ 21 പേജുകളേ ഉണ്ടായിരുന്നുള്ളൂ. പിന്നീടു കത്ത് ശരണ്യ മനോജിനെ ഏൽപ്പിച്ചു. ഗണേശിന്റെ നിർദേശപ്രകാരം മനോജും പ്രദീപ്കുമാറും ചേർന്നു കത്തിന്റെ കരടുരൂപം തയാറാക്കി സരിതയെ ഏൽപ്പിച്ചു. സരിത അന്നേദിവസം തന്നെ നാലു പേജുകൾ കൂടി എഴുതിച്ചേർക്കുകയായിരുന്നു.

ഗണേശിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയതാണു പ്രകോപനം. സരിതയുടെ കത്തിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സുധീർ ജേക്കബ് നൽകിയ ഹർജിയിലാണു ഫെനിയുടെ മൊഴി. കേസ് ജനുവരി 19നു വീണ്ടും പരിഗണിക്കും.

‘ചെന്നിത്തലയെയും കുടുക്കാൻ ശ്രമിച്ചു’

കൊട്ടാരക്കര∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കേസിൽ ഉൾപ്പെടുത്താൻ സരിത എസ്.നായരും ഗണേശ്കുമാറും ശ്രമിച്ചെന്നു ഫെനി ബാലകൃഷ്ണൻ. കോടതിയിൽ മൊഴി നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു. ഈ നീക്കങ്ങൾ എതിർത്തതാണ് താനുമായുള്ള ബന്ധം വഷളാക്കിയതെന്നും സരിതയുടെ മുൻ അഭിഭാഷകനായ ഫെനി പറഞ്ഞു.

കമ്മിഷനു കൈമാറിയ കത്ത് താൻ കണ്ടിട്ടില്ലെന്ന സരിതയുടെ അവകാശവാദം തെറ്റാണ്. കോടതി നിർദേശപ്രകാരം പത്തനംതിട്ട ജയിലിലെത്തി കത്ത് കണ്ടിരുന്നു. കത്തിന്റെ പേരിൽ സരിതയും കൂട്ടരും ആദ്യംമുതൽ വിലപേശൽ നടത്തുകയാണ്. ഏതായാലും നമ്മൾ മുങ്ങി; മറ്റുള്ളവരെയും മുക്കണമെന്നു കേരള കോൺഗ്രസ് (ബി) നേതാവ് തന്നോടു പറഞ്ഞതായും ഫെനി വെളിപ്പെടുത്തി.