Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊട്ടാക്കമ്പൂരിൽ ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപണം: സിപിഎം നേതാവിനു നോട്ടിസ്

തൊടുപുഴ∙ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം ഉൾപ്പെടുന്ന കൊട്ടാക്കമ്പൂരിൽ വ്യാജരേഖകളിലൂടെ ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നു ഭൂരേഖകൾ ഹാജരാക്കാൻ സിപിഎം നേതാവിനും ചെന്നൈ ആസ്ഥാനമായ കമ്പനിക്കും ദേവികുളം സബ് കലക്ടറുടെ നോട്ടിസ്. സിപിഎം നേതാവും പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലറുമായ ജോൺ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള റോയൽ പ്ലാന്റേഷൻ, ചെന്നൈയിലെ ജോർജ് മൈജോ കമ്പനി എന്നിവർക്കാണു നോട്ടിസ് അയച്ചത്. ഭൂമിയുടെ രേഖകളുമായി നേരിട്ടു ഹാജരാകാനാണു നിർദേശം.

68 ഏക്കർ ഭൂമിയാണു ജോൺ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള റോയൽ പ്ലാന്റേഷൻ കമ്പനിയുടെ കൈവശമുള്ളത്. ആൾമാറാട്ടം നടത്തി വ്യാജരേഖകൾ ചമച്ച് റോയൽ കമ്പനി ഭൂമി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. റോയൽ പ്ലാന്റേഷൻ കടലാസ് കമ്പനിയെന്നു വ്യക്തമായതോടെ കേന്ദ്ര സർക്കാർ കമ്പനിയുടെ റജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ റജിസ്ട്രേഷൻ നടന്നത് എറണാകുളം ജില്ലയിലെ കുറുപ്പംപടി സബ് റജിസ്ട്രാർ ഓഫിസിലാണ്. അടുത്ത മാസം മൂന്നാമത്തെ ആഴ്ചയിൽ ഭൂരേഖകൾ ഹാജരാക്കാനാണു നിർദേശം.

99 തണ്ടപ്പേരുകളിലായി 320 ഏക്കർ ഭൂമിയാണു ചെന്നൈ ആസ്ഥാനമായ ജോർജ് മൈജോ കമ്പനി കൈവശപ്പെടുത്തിയത്. തമിഴ് പട്ടികജാതിക്കാരുടെ പേരിലാണു പട്ടയങ്ങൾ മുഴുവൻ. ഫെബ്രുവരി ആദ്യവാരം രേഖകളുമായി ഹാജരാകാനാണു ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറിന്റെ നിർദേശം. വ്യാജരേഖകൾ ചമച്ചാണു കമ്പനി ഭൂമി സ്വന്തമാക്കിയതെന്നു വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പട്ടയങ്ങൾ റദ്ദാക്കണമെന്നു ശുപാർശ ചെയ്തിട്ടുമുണ്ട്. നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം ഉൾപ്പെടുന്ന ഭൂമിയിൽ കൃഷിക്കാരുണ്ടെന്ന സിപിഎം വാദത്തെ പൂർണമായി തള്ളുന്ന നടപടിയാണു റവന്യു വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

related stories