Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാർത്താതാരം; നന്ദിയോതി നടന വൈഭവം

news-maker മനോരമ ന്യൂസ് ടിവി ചാനലിന്റെ ‘ന്യൂസ് മേക്കർ 2016’ പുരസ്കാരം മോഹൻലാലിന് സംവിധായകരായ ഫാസിൽ, ജോഷി, സിബി മലയിൽ, സത്യൻ അന്തിക്കാട് എന്നിവർ ചേർന്ന് കൊച്ചിയിൽ സമ്മാനിച്ചപ്പോൾ. ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് എൻ.വി. സണ്ണി, മലയാള മനോരമ ഡപ്യൂട്ടി എഡിറ്ററും എംഎംടിവി ഡയറക്ടറുമായ ജയന്ത് മാമ്മൻമാത്യു എന്നിവർ സമീപം.

കൊച്ചി ∙ മലയാളത്തിനു കൈകൂപ്പി നന്ദി പറഞ്ഞ് മോഹൻലാൽ. 40 വർഷത്തെ ചലച്ചിത്ര ജീവിതത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ ചേക്കേറിയ നടനപ്രതിഭ മനോരമ ന്യൂസിന്റെ ന്യൂസ്മേക്കർ 2016 പുരസ്കാരം സ്വീകരിച്ചു പറഞ്ഞു: അഭിനയമാണ് എനിക്കെല്ലാം. എന്റെ അറിവുകളെല്ലാം സിനിമ മാത്രമാണ്. എന്നെ വളർത്തിയ നാടിനോടും ജനങ്ങളോടും പ്രേക്ഷകരോടും സഹപ്രവർത്തകരോടും തീരാത്ത കടപ്പാടും നന്ദിയുമുണ്ട്. 

മോഹൻലാലിന്റെ അഭിനയജീവിതത്തിൽ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച മുതിർന്ന സംവിധായകരായ ഫാസിലും ജോഷിയും സത്യൻ അന്തിക്കാടും സിബി മലയിലും ചേർന്നാണു ന്യൂസ് മേക്കർ പുരസ്കാരം സമ്മാനിച്ചത്. 

ചടങ്ങിനു മുൻപായി തന്റെ അരികിലേക്കു കുസൃതിച്ചിരിയുമായി തോളൊന്നു വെട്ടിച്ചു പതിയെ നടന്നെത്തിയ ലാലിനെ കണ്ടു ഫാസിൽ അദ്ഭുതം കൂറി: 

‘മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ’ അഭിനയിക്കുന്നതിനായി എന്റെ മുന്നിലെത്തിയ പണ്ടത്തെ അതേ ലാലു തന്നെ. മുഖത്തൊരു കണ്ണടയുണ്ടെന്ന വ്യത്യാസം മാത്രം! 

ഫാസിൽ മാത്രമല്ല, ജോഷിയും സത്യൻ അന്തിക്കാടും സിബി മലയിലും ‘ഒടിയനാ’യുള്ള ലാലിന്റെ രൂപമാറ്റത്തെ പ്രശംസിച്ചു. ഇതു ലാലിനു മാത്രം കഴിയുന്ന സിദ്ധി. 40 വർഷം നീണ്ട അഭിനയ ജീവിതത്തിൽ തന്നെ തേടിയെത്തിയ ഓരോ കഥാപാത്രത്തിന്റെയും പൂർണതയ്ക്കായി ലാലെടുത്തിട്ടുള്ള പരിശ്രമങ്ങൾ അവർ സദസ്സുമായി പങ്കുവച്ചു. 

മനഃസാക്ഷിയോട് എന്നും ആത്മാർഥത പുലർത്തിയാണു മലയാള സിനിമയിൽ താൻ ഇത്രയും കാലം പിന്നിട്ടതെന്നു മോഹൻലാൽ പറഞ്ഞു. മനഃസാക്ഷിയുടെ വഴിയെ മാത്രമായിരുന്നു സഞ്ചാരം. രഹസ്യ അജൻഡകളുണ്ടായിട്ടില്ല. ഓരോ സന്ദർഭങ്ങളിലെയും പ്രതികരണങ്ങൾ സത്യസന്ധവും ആത്മാർഥവുമായിരുന്നു. അതിന്റെ ഫലത്തെപ്പറ്റി ചിന്തിക്കാറില്ല. ബഹുമതികൾ സ്വാധീനിച്ചിട്ടില്ല. നിരൂപണങ്ങൾ തളർത്തിയിട്ടില്ല. പ്രശംസകളും വിമർശനങ്ങളും നിശ്ശബ്ദനായി ഉൾക്കൊള്ളുകയാണു ചെയ്തിട്ടുള്ളത്. 

ബ്ലോഗ് വഴിയാണ് ആളുകളുമായി സംവദിക്കുന്നതും ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്നതും. മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ വേദന, സ്ത്രീസുരക്ഷാ പ്രശ്നങ്ങൾ, പരിഹരിക്കപ്പെട്ടാതെ പോകുന്ന സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ, ദേശസ്നേഹത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ എല്ലാം മനസ്സിനെ സ്പർശിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. 

ഫാസിലും ജോഷിയും സത്യൻ അന്തിക്കാടും സിബി മലയിലും തന്റെ കരിയറിനെ വഴിതിരിച്ചുവിട്ട സംവിധായകരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണു ന്യൂസ് മേക്കർ പുരസ്കാരം സമ്മാനിച്ചത്. 

മലയാള മനോരമ ഡപ്യൂട്ടി എഡിറ്ററും എംഎംടിവി ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് എൻ.വി.സണ്ണി, മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് എന്നിവർ പങ്കെടുത്തു. ലോകമെങ്ങുമുള്ള മനോരമ ന്യൂസ് പ്രേക്ഷകർ എസ്എംഎസ് വോട്ടെടുപ്പിലൂടെയാണു ന്യൂസ് മേക്കർ 2016 ആയി മോഹൻലാലിനെ തിരഞ്ഞെടുത്തത്. 

related stories