Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകമഞ്ഞ്: വിമാനത്തിൽ കുടുങ്ങി 8 കേരള എംപിമാർ

FLIGHT-dc

ന്യൂഡൽഹി∙ വിമാനം പുകമഞ്ഞിൽ കുടുങ്ങിയതുമൂലം എട്ടു കേരള എംപിമാർക്കു കൊച്ചിയിൽ നിന്നു തലസ്ഥാനത്തെത്താൻ വേണ്ടിവന്നത് എട്ടു മണിക്കൂർ. കഴിഞ്ഞ ദിവസം രാത്രി 8.30നു കൊച്ചിയിൽ നിന്നു പുറപ്പെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം 11.30നു തലസ്ഥാനത്തെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണു പുകമഞ്ഞിൽ കുടുങ്ങിയത്.

റൺവേ കാണാനാകാത്തതു കൊണ്ടു ശ്രമം ഉപേക്ഷിക്കുകയാണെന്നു പൈലറ്റ് അറിയിച്ചതു യാത്രക്കാരെ ആശങ്കാകുലരാക്കിയെന്നു വിമാനത്തിലുണ്ടായിരുന്ന എ.കെ.രാഘവൻ എംപി പറഞ്ഞു. മഞ്ഞു കുറവുള്ള ജയ്പുരിലേക്കാണു വിമാനം തിരിച്ചുവി‌ട്ടത്. ഡൽഹിയിൽ സ്ഥിതി മെച്ചപ്പെടുംവരെ അവിടെ കാത്തുകിടന്ന വിമാനം തിരിച്ചെത്തിയതു പുലർച്ചെ 4.10ന്.

പലരും ഡൽഹിയിലെ വസതികളിലെത്തിയപ്പോൾ ആറുമണി കഴിഞ്ഞു. നിറയെ യാത്രക്കാരുമായി വന്ന വിമാനത്തിൽ വയലാർ രവി, കെ.സി.വേണുഗോപാൽ, എം.ഐ.ഷാനവാസ്, സി.പി.നാരായണൻ, എം.ബി.രാജേഷ്, പി.വി.അബ്ദുൽ വഹാബ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരുമുണ്ടായിരുന്നു. പുലർച്ചെ വരെ ആകാശത്തു കറങ്ങിയെങ്കിലും എംപിമാരെല്ലാം സമ്മേളനം തുടങ്ങുംമുൻപു പാർലമെന്റിൽ ഹാജരായി.