Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മര്‍കസ് സ്ഥാപനങ്ങള്‍ മതനിരപേക്ഷത പ്രതിഫലിപ്പിക്കുന്നു: മുഖ്യമന്ത്രി

Pinarayi-Markaz മർകസ് റൂബി ജൂബിലിയുടെ ഭാഗമായുള്ള ദേശീയോദ്ഗ്രഥന സമ്മേളനം കാരന്തൂരിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് വിശിഷ്ടാതിഥികളെയും വേദിയിലേക്ക് അറബന മുട്ടുമായി പരമ്പരാഗത രീതിയിൽ സ്വീകരിക്കുന്നു. സി. മുഹമ്മദ് ഫൈസി, താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, പി.ടി.എ. റഹീം എംഎൽഎ, കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ, സെയ്ദ് അബ്ദുൽ ഫത്താഫ് തുടങ്ങിയവർ സമീപം.

കാരന്തൂർ (കോഴിക്കോട്) ∙ വിശ്വാസിയെന്ന അവകാശത്തോടൊപ്പം പൗരനെന്ന നിലയിലുള്ള കടമകൾകൂടി വിദ്യാർഥികളെ പഠിപ്പിക്കുന്ന മർകസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മതനിരപേക്ഷ മനോഭാവം പ്രതിഫലിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മർകസ് റൂബി ജൂബിലിയോടനുബന്ധിച്ചു നടന്ന ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നാലു പതിറ്റാണ്ടായി വിദ്യാഭ്യാസ, സാംസ്കാരിക രംഗത്ത് സ്തുത്യർഹ സേവനം നടത്തുന്ന മർകസ് ജാതി, മത ഭേദമില്ലാതെ സാധാരണക്കാർക്കും അഗതികൾക്കും ഉന്നത നിലയിൽ പഠിക്കുന്നതിന് അവസരമൊരുക്കുകയാണ്. സമൂഹത്തെക്കുറിച്ച് മനുഷ്യത്വപരമായ കരുതലുള്ളതുകൊണ്ടാണ് ഇങ്ങനെ പ്രവർത്തിക്കാൻ സാധിക്കുന്നത്.

മതന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കണമെന്നും അങ്ങനെ ജനാധിപത്യത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ പ്രാപ്തരാക്കണമെന്നും മർകസ് സ്ഥാപനങ്ങൾ പഠിപ്പിക്കുന്നു– മുഖ്യമന്ത്രി പറഞ്ഞു.

ദേശീയോദ്ഗ്രഥനത്തിനു സാമ്രാജ്യത്വത്തിൽനിന്നും വർഗീയതയിൽനിന്നുമാണ് വെല്ലുവിളി ഉയരുന്നത്. പലസ്തീന്റെ മണ്ണായ ജറുസലം ഇസ്രയേൽ തലസ്ഥാനമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിക്കുന്നിടം വരെയെത്തി സാമ്രാജ്യത്വത്തിന്റെ വളർച്ച.

വർഗീയ ചേരിതിരിവിലൂടെ നമ്മുടെ രാജ്യത്തെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. അതിനു വർഗീയ സംഘടനകൾക്ക് പണം നൽകുന്നത് സാമ്രാജ്യത്വ ശക്തികളാണ്. മനുഷ്യനെ പച്ചയ്ക്കു ചുട്ടുകൊല്ലുന്നതിനെ വരെ ന്യായീകരിക്കാൻ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവർ തയാറാകുന്നു– മുഖ്യമന്ത്രി പറഞ്ഞു.

പി. മുഹമ്മദ് യൂസുഫ് പന്നൂർ, ഡാർവിശ് കരീം മുഹമ്മദ് എന്നിവർക്ക് മുഖ്യമന്ത്രി പുരസ്കാരം നൽകി. കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ അധ്യക്ഷത വഹിച്ചു. താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ഡോ. അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം, കെ.പി. രാമനുണ്ണി, പി.ടി.എ. റഹീം എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.

related stories