Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെറിനെ ദത്തെടുക്കാൻ സഹായിച്ച യുഎസ് ഏജൻസിക്കു വിലക്ക്

Sherin-Sushama

ന്യൂഡൽഹി∙ മലയാളി ദമ്പതികളുടെ വളർത്തു മകൾ ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, യുഎസിലെ ദത്തെടുക്കൽ ഏജൻസിക്കു കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ബിഹാറിലെ അനാഥാലയത്തിൽ നിന്നു ഷെറിനെ ദത്തെടുക്കാൻ ദമ്പതികൾക്കു സൗകര്യമൊരുക്കിയ ഹോൾട്ട് ഇന്റർനാഷനലിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളാണു കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയം വിലക്കിയത്.

മാതാപിതാക്കളെ ശരിയായി വിലയിരുത്തുന്നതിൽ ഏജൻസിക്കു വീഴ്ച സംഭവിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ടു മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസും സിനിയും യുഎസിലെ ജയിലിലാണ്. കഴിഞ്ഞ ഒക്ടോബറിലാണു ഷെറിൻ മരിച്ചത്. നവംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻകയുടെ ഇന്ത്യാ സന്ദർശനം കണക്കിലെടുത്ത് ഏജൻസിക്കെതിരായ നടപടി നീട്ടിവയ്ക്കുകയായിരുന്നുവെന്ന് അധികൃതർ സൂചിപ്പിച്ചു.

യുഎസിലെ ഇന്ത്യൻ എംബസി, ഇന്ത്യയിൽ ദത്തെടുക്കൽ നടപടികൾക്കു മേൽനോട്ടം വഹിക്കുന്ന ദത്തെടുക്കൽ റിസോഴ്സ് സമിതി (സിഎആർഎ) എന്നിവയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുന്നതു പരിഗണിക്കും. ഷെറിന്റെ മരണത്തിനു പിന്നാലെ, ഇന്ത്യയിലെ ദത്തെടുക്കൽ ചട്ടങ്ങൾ കേന്ദ്ര സർക്കാർ കർശനമാക്കിയിരുന്നു. ശിശുക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം ഉറപ്പാക്കിയിട്ടു മാത്രമേ ദത്തെടുക്കുന്ന കുട്ടികൾക്കു പാസ്പോർട്ട് നൽകാവൂ എന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിർദേശിച്ചിട്ടുണ്ട്.

related stories