Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോ: കൊച്ചിയിലെ സർക്കാർ അനാസ്ഥ ഇതര മെട്രോകളെ ബാധിച്ചേക്കും

Kochi Metro

കൊച്ചി ∙ കൊച്ചി മെട്രോയുടെ കാര്യത്തിലെ സർക്കാർ മെല്ലെപ്പോക്ക് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെയും കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെയും അനുമതി വൈകിപ്പിക്കും. പുതിയ മെട്രോ നയം അനുസരിച്ച്, നിലവിലുള്ള മെട്രോകളുടെ നഷ്ടം നികത്താനുള്ള ബാധ്യത അതതു സംസ്ഥാന സർക്കാരുകൾക്കാണ്.

ടിക്കറ്റ് വരുമാനത്തിനു പുറമെ പണം കണ്ടെത്താനുള്ള മാർഗങ്ങൾ മറ്റു സംസ്ഥാനങ്ങൾ നൽകുമ്പോൾ കൊച്ചിയുടെ കാര്യത്തിൽ തീരുമാനം അനന്തമായി നീളുന്നു. മാസംതോറും 6.6 കോടിയിലേറെ രൂപ നഷ്ടംവരുത്തുന്ന കൊച്ചി മെട്രോ സാമ്പത്തികമായി സുസ്ഥിരമായാൽ മാത്രമേ കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള രണ്ടാംഘട്ടത്തിന്റെയും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെയും പദ്ധതി കേന്ദ്രം പരിഗണിക്കൂ. പുതിയ മെട്രോ പദ്ധതികൾക്ക് അനുമതി ലഭിക്കാൻ പ്രധാനമായും നാലു നിബന്ധനകളാണ് മെട്രോ നയത്തിലുള്ളത്.

നിലവിലുള്ള മെട്രോ നഷ്ടമില്ലാതെ പ്രവർത്തിക്കണമെന്നതാണ് ഒന്നാമത്തേത്. പൊതുഗതാഗത ഏകോപനം, അനുമതികൾക്കായി ഏകജാലകം, നോൺ മോട്ടറൈസ്ഡ് ട്രാൻസ്പോർട്ട് എന്നിവ മറ്റു നിബന്ധനകളം. മെട്രോ വികസനം വരുമ്പോൾ സമീപത്തെ ഭൂമിവിലയിലുണ്ടാവുന്ന വർധനയുടെ ഒരുഭാഗം ഭൂമി റജിസ്ട്രേഷന്റെ സമയത്തു സർക്കാർ പിരിച്ച് മെട്രോകൾക്കു നൽകണമെന്ന വ്യവസ്ഥയും (വാല്യൂ ക്യാപ്ചർ ഫിനാൻസിങ്) പുതിയ നിയമത്തിലുണ്ട്.

ഇതിൽ പൊതുഗതാഗത ഏകോപനത്തിനുള്ള അർബൻ മാസ് ട്രാൻസിറ്റ് അതോറിറ്റി (ഉംട) ബിൽ മന്ത്രിസഭ അംഗീകരിച്ചു. എന്നാൽ, നിലവിലുള്ള അവസ്ഥയിൽ കൊച്ചി മെട്രോയുടെ നഷ്ടം നികത്താൻ വർഷംതോറും സർക്കാർ 60 കോടി രൂപ വീതം ഗ്രാന്റ് നൽകേണ്ടിവരും. കൊച്ചി മെട്രോയ്ക്ക് അനുമതി ലഭിക്കുന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെഎംആർഎൽ) തമ്മിലുണ്ടാക്കിയ കരാറിലും മെട്രോയുടെ നഷ്ടം സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നു വ്യക്തമാക്കിയിരുന്നു.

250 കോടി പ്രതീക്ഷിച്ച മെട്രോ ടൗൺഷിപ് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താൻ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ പാർപ്പിട, വാണിജ്യ സമുച്ചയം നിർമിക്കാൻ മുൻ സർക്കാർ കെഎംആർഎല്ലിനു 17 ഏക്കർ സ്ഥലം കൈമാറിയിരുന്നു. പുതിയ സർക്കാർ വന്നതോടെ ഇതു വീണ്ടും മന്ത്രിസഭ ചർച്ചചെയ്യണമെന്നു പറഞ്ഞു മാറ്റിവച്ചു. ഇടത്തരക്കാർക്കു ഫ്ലാറ്റുകളും വാണിജ്യ സമുച്ചയവും നിർമിച്ച് 250 കോടി രൂപ വരുമാനം കണ്ടെത്താനായിരുന്നു കെഎംആർഎല്ലിന്റെ പദ്ധതി. മെട്രോ ഒന്നാം ഘട്ടത്തിന്റെ പ്രോജക്ടിനുതന്നെ 100 കോടി രൂപ ഇതിൽനിന്നു നൽകണം. ഒന്നോ രണ്ടോ വർഷംകൊണ്ടു ലഭിക്കുന്ന പണം ബോണ്ടുകളിലോ മറ്റു വരുമാന മാർഗങ്ങളിലോ നിക്ഷേപിച്ച് മെട്രോയുടെ പ്രവർത്തനച്ചെലവു കണ്ടെത്താമെന്നായിരുന്നു കണക്കുകൂട്ടൽ.

കൊച്ചി മെട്രോ രണ്ടാംഘട്ടം

∙ കലൂർ ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെ. ∙ ദൂരം 11.7 കിലോമീറ്റർ. ∙ 11 സ്റ്റേഷൻ ∙ ചെലവ് 2,577 കോടി രൂപ

തിരുവനന്തപുരം ലൈറ്റ് മെട്രോ

∙ ടെക്നോ സിറ്റി മുതൽ കരമന വരെ. ∙ ദൂരം 21.82 കിലോമീറ്റർ. ∙ 19 സ്റ്റേഷൻ ∙ ചെലവ് 4,219 കോടി രൂപ

കോഴിക്കോട് ലൈറ്റ് മെട്രോ

∙ മെഡിക്കൽ കോളജ് മുതൽ മീഞ്ചന്ത വരെ ∙ ദൂരം 13.33 കിലോമീറ്റർ ∙ 14 സ്റ്റേഷൻ ∙ ചെലവ് 2,509 കോടി