Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡോസൾഫാൻ: പഴയപട്ടികയിൽ ഉള്ള എല്ലാവർക്കും നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ

endosulfan

ന്യൂഡൽഹി ∙ കേരള സർക്കാർ 2010, 2011 വർഷങ്ങളിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടിക തയാറാക്കിയത് ആരോഗ്യ പുനരധിവാസ നടപടികൾക്കാണെന്നും ആ പട്ടികയിലുള്ളവർക്കെല്ലാം നഷ്‌ടപരിഹാരം നൽകാനാവില്ലെന്നും കോടതിയലക്ഷ്യ കേസിൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്‌മൂലം. ഇരകളായ നാലു കുട്ടികളുടെ അമ്മമാരാണു ഹർജിക്കാർ.

ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചപ്രകാരം നഷ്‌ടപരിഹാരം നൽകാൻ കഴിഞ്ഞ ജനുവരിയിൽ കോടതി ഉത്തരവിട്ടിരുന്നു. നഷ്‌ടപരിഹാരത്തിന് അർഹരായ 5209 പേരിൽ 1350 പേർക്കു മാത്രമേ പണം ലഭിച്ചിട്ടുള്ളൂവെന്നാണു ഹർജിക്കാരുടെ വാദം. എന്നാൽ, എൻഡോസൾഫാൻ മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയും കിടപ്പിലായവർക്കു മൂന്നുലക്ഷം രൂപയും വീതം നഷ്‌ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചതു 2010ൽ ആണ്. കമ്മിഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചതു 2012ലും. അതിനു മുൻപുള്ള പട്ടികയിൽ അനർഹരുമുണ്ടെന്നു വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ, ഹർജിക്കാർ 2010, 2011 വർഷങ്ങളിലെ പട്ടികയിലുള്ളവരാണ്. ഇവർ കലക്‌ടർക്കു പരാതി നൽകിയിട്ടില്ല. എന്നിട്ടും നാലു കുട്ടികൾക്കും ചികിൽസാ സഹായം നൽകിയിട്ടുണ്ടെന്നും അതു പരിഗണിച്ചു കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. കമ്മിഷന്റെ മാർഗരേഖയുടെ അടിസ്‌ഥാനത്തിൽ ഡോക്‌ടർമാർ തയാറാക്കിയ പട്ടികയിലെ ഏതാണ്ട് എല്ലാവർക്കും നഷ്‌ടപരിഹാരം നൽകിയിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.

മരിച്ചവരിൽ നിയമപരമായി അനന്തരാവകാശികളില്ലാത്തവർക്കാണു നഷ്‌ടപരിഹാരം ഇനിയും നൽകിയിട്ടില്ലാത്തത്. കാൻസർരോഗികളായ ദുരിതബാധിതർക്കും സഹായം നൽകിയിട്ടുണ്ട്.