Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് ഉപകാരമില്ലാത്ത റെയിൽവേയുടെ അഭ്യാസം

കൊച്ചി ∙ ബെംഗളൂരു ട്രെയിൻ കാര്യത്തിൽ കൃത്യമായ മറുപടി നൽകാതെ റെയിൽവേ ഉരുണ്ടുകളിക്കുന്നു. വാരാന്ത്യ സർവീസിനായി കേരളം മുറവിളി കൂട്ടുമ്പോൾ, ബുധനാഴ്ച മൈസൂരുവിൽനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ കൊച്ചുവേളിയിലെത്തി അന്നു രാത്രിതന്നെ മൈസൂരുവിലേക്കു തിരികെ പോകുന്ന ട്രെയിനാണ് ഇപ്പോൾ ബോർഡ് പരിഗണിക്കുന്നത്. തിരുവനന്തപുരം – മൈസൂരു ട്രെയിൻ ദ്വൈവാര എക്സ്പ്രസെന്ന് ആദ്യം പറഞ്ഞവർ ഇപ്പോഴത് ഉപകാരമില്ലാത്ത പ്രതിവാര ട്രെയിനാക്കി മാറ്റാനാണു ശ്രമിക്കുന്നത്. എംപിമാർക്കു നൽകിയ ഉറപ്പു കാറ്റിൽ പറത്തിയാണു റെയിൽവേയുടെ നടപടികൾ. അതേസമയം, 2014 ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം- ബെംഗളൂരു ട്രെയിനിനെക്കുറിച്ചു മിണ്ടാട്ടമില്ല. 

ബജറ്റിൽ പ്രഖ്യാപിച്ച ട്രെയിൻ ഓടിക്കേണ്ടതു ദക്ഷിണ റെയിൽവേയാണെന്നും മൈസൂരു- കൊച്ചുവേളി പുതിയ ട്രെയിനാണെന്നുമത്രെ അധികൃത നിലപാട്. മൈസൂരു- ഹൈദരാബാദ് റൂട്ടിലേക്കു ലഭിച്ച ഹംസഫർ ട്രെയിൻ ആഴ്ചയിലൊരിക്കൽ കേരളത്തിലേക്ക് ഓടിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണു നീക്കം. തിരുവനന്തപുരം- ബെംഗളൂരു ദ്വൈവാര എക്സ്പ്രസും കൊച്ചുവേളി- മൈസൂരു ദ്വൈവാര സർവീസും േചർത്തു ബെംഗളൂരുവിലേക്കു നാലു സർവീസുകളാണു യഥാർഥത്തിൽ കേരളത്തിനു ലഭിക്കേണ്ടത്. എന്നാൽ, ബെംഗളൂരു സിറ്റി ജംക്‌ഷനിൽ തിരക്കാണെന്ന പേരിൽ, ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം- ബെംഗളൂരു (22657/ 58) ട്രെയിൻ ഒഴിവാക്കാനാണു ശ്രമം. 

അങ്ങനെയെങ്കിൽ കേരളത്തിനു പുതിയ കോച്ചുകൾ നൽകി കൊച്ചുവേളിയിൽനിന്നു ബെംഗളൂരു വഴി മൈസൂരുവിലേക്ക് ആഴ്ചയിൽ മൂന്നു സർവീസ് നടത്തുകയാണു കേരളത്തിനു മുൻപിലുള്ള പോംവഴി. ഇതിനായി റെയിൽവേ ബോർഡ് പുതിയ കോച്ചുകൾ തിരുവനന്തപുരം ഡിവിഷനു നൽകേണ്ടതുണ്ട്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി ജി. സുധാകരൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ബജറ്റിൽ പ്രഖ്യാപിച്ച ട്രെയിനോടിക്കണമെന്നാവശ്യപ്പെട്ടു റെയിൽവേ മന്ത്രിക്കു കത്ത് നൽകിയിട്ടും കൃത്യമായ മറുപടി നൽകാൻ തയാറായിട്ടില്ല. 

ഏറ്റവും തിരക്കുള്ള വെളളിയാഴ്ച കേരളത്തിലേക്കും ഞായറാഴ്ച ബെംഗളൂരുവിലേക്കും ട്രെയിനുകളില്ലെന്ന പരാതി പരിഹരിക്കാൻ വ്യാഴാഴ്ച ട്രെയിനോടിക്കാമെന്ന തീരുമാനം മറ്റു പലരെയും സഹായിക്കാനാണെന്നാണ് ആക്ഷേപം.

തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കുള്ള ട്രെയിനുകൾ: 

∙ തിങ്കൾ- 3

∙ ചൊവ്വ- 2

∙ ബുധൻ- 3

∙ വ്യാഴം- 3

∙ വെള്ളി- 4

∙ ശനി- 2

∙ ഞായർ- 2 

ബെംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കുള്ളവ:

∙ തിങ്കൾ- 2

∙ ചൊവ്വ- 3

∙ ബുധൻ- 3

∙ വ്യാഴം- 4

∙ വെള്ളി- 2

∙ ശനി- 2

∙ ഞായർ- 3 

related stories