Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി ബോർഡിൽ 10,000 അധികജീവനക്കാർ

തിരുവനന്തപുരം∙ വൈദ്യുതി ബോർഡിലെ അധിക ജീവനക്കാരുടെ എണ്ണം പതിനായിരത്തോട് അടുക്കുന്നു. ബോർഡിൽ 24,500 ജീവനക്കാർക്കുള്ള ശമ്പളം മാത്രമേ നിയമപ്രകാരം റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചിട്ടുള്ളൂ. ഇത് അനുവദിക്കുന്ന സമയത്തുതന്നെ 30,000 ജീവനക്കാരുണ്ടായിരുന്നു. പിന്നീടത് 33,500 ആയി. ഈ സർക്കാർ, പിഎസ്‌സി മസ്ദൂർ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപ് 1000 പേർക്കു നിയമന ശുപാർശ നൽകി. ഇവർക്ക് ഇതുവരെ നിയമനം നൽകിയിട്ടില്ല.

ഇതിനിടെ, വിവിധ കമ്പനി–കോർപറേഷനിലേക്കുള്ള അസിസ്റ്റന്റ് റാങ്ക് പട്ടികയിൽനിന്നു നാനൂറോളം പേർക്കു നിയമന ശുപാർശ നൽകണമെന്ന കോടതിവിധിയും നിലനിൽക്കുന്നു. മീറ്റർ റീഡർമാരുടെ 799 ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മറ്റൊരു കോടതി വിധിയും നിലവിലുണ്ട്. വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും മാറ്റിനിയമിക്കണമെന്നും കുറെക്കാലമായി റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെടുന്നുണ്ട്.

 ഇതിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിദഗ്ധർ ജോലിഭാരം പഠിച്ചു ജീവനക്കാരുടെ മാറ്റിനിയമനം എങ്ങനെ നടപ്പാക്കണമെന്നു ശുപാർശ ചെയ്തിരുന്നു. ഇതു ബോർഡിന്റെയും സർക്കാരിന്റെയും പരിഗണനയിലിരിക്കെയാണു ജീവനക്കാരുടെ എണ്ണം വീണ്ടും ഉയരുന്നത്.