Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിക്കു സമ്മേളനത്തിരക്ക്; വിവാദം മൂർച്ഛിക്കുന്നു

Pinarayi-vijayan

തിരുവനന്തപുരം∙ ഭരണത്തിലെ ഊന്നൽ വിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനങ്ങളിൽ മുഴുകുന്നതിലുള്ള വിമർശനം ഹെലികോപ്റ്റർ വിവാദം കൂടി വന്നതോടെ കൂടുതൽ ശക്തമായി. ഭരണം സ്തംഭിച്ചെന്നും മുഖ്യമന്ത്രിയുടെ പിടി പോയെന്നുമുള്ള ആക്ഷേപങ്ങളുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തി.

മുൻപും മുഖ്യമന്ത്രിമാർ പാർട്ടി സമ്മേളനങ്ങളിൽ സംബന്ധിക്കാറുണ്ടായിരുന്നെന്നു സിപിഎം വിശദീകരിക്കുന്നു. ഭരണത്തെക്കുറിച്ചു പാർട്ടിക്കുള്ള അഭിപ്രായങ്ങൾ മുഖ്യമന്ത്രിക്കു നേരിട്ടു കേൾക്കാൻ ഇതു സഹായിക്കുമെന്നും. മന്ത്രിസഭായോഗം പുനഃക്രമീകരിച്ചും സ്കൂൾ കലോത്സവം പോലെയുള്ള പ്രധാന പരിപാടികൾ ഒഴിവാക്കിയും വിമർശനം ക്ഷണിച്ചു വരുത്തിയതിനു പിന്നാലെയാണു ദുരന്തനിവാരണനിധി ദുരുപയോഗം ചെയ്തുവെന്ന ആക്ഷേപത്തിനു പിണറായി ഇരയായത്. ഒരു മാസത്തിലേറെയാണു മുഖ്യമന്ത്രി ജില്ലാസമ്മേളനത്തിരക്കിലാകുന്നത്.

ഡിസംബർ 26 നാണു സിപിഎം ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചത്. സമാപിക്കുന്നതു തിരുവനന്തപുരത്തു ഫെബ്രുവരി അഞ്ചിനും. ഇതുവരെ രണ്ടുവീതം ജില്ലാസമ്മേളനങ്ങൾ ഒരേ സമയത്തു നടക്കുന്ന തരത്തിലാണു ക്രമീകരിച്ചിരുന്നതെങ്കിൽ ഇനി ഓരോന്ന് എന്ന നിലയിലാണ്. ആലപ്പുഴയിൽ 13,14,15 തീയതികളിലും എറണാകുളത്ത് 16,17,18 തീയതികളിലുമാണ് ഇനി ജില്ലാസമ്മേളനം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സംബന്ധിക്കും. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എന്തെങ്കിലും മാറ്റം സെക്രട്ടേറിയറ്റ് വരുത്തുമോയെന്നാണ് ഇനി അറിയാനുള്ളത് എറണാകുളം സമ്മേളനം കഴിഞ്ഞാൽ പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ 18 നു തന്നെ മുഖ്യമന്ത്രി കൊൽക്കത്തയ്ക്കു പോകും. തിരിച്ചുവന്ന് ഏതാനും ദിവസം കഴിഞ്ഞാൽ 26 നു കണ്ണൂർ സമ്മേളനത്തിലേക്ക്. തിരിച്ചെത്തി ഫെബ്രുവരി മൂന്നു മുതൽ തിരുവനന്തപുരം സമ്മേളനത്തിരക്കിലാകും.

മുഖ്യമന്ത്രിയും മന്ത്രിമാരും ആഴ്ചയിൽ നാല്– അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണമെന്നാണു സർക്കാർ അധികാരമേറ്റപ്പോൾ സിപിഎം നിശ്ചയിച്ചത്. സമ്മേളനങ്ങൾക്കായി ഇതു മുഖ്യമന്ത്രി മാറ്റുമോ എന്നു സംശയമുണ്ടായിരുന്നു. എന്നാൽ മുൻഗണന പാർട്ടി സമ്മേളനങ്ങൾക്കാണെന്നു സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി തന്നെ വ്യക്തമാക്കി. ഭരണത്തെ ബാധിക്കാതിരിക്കാൻ ബദൽ ക്രമീകരണമുണ്ടാകുമെന്നും അറിയിച്ചു.

മുഖ്യമന്ത്രി മാറിനിൽക്കുന്നതു പ്രതിപക്ഷം ആയുധമാക്കുമെന്ന ശങ്ക നേതൃത്വത്തിലുണ്ടായെങ്കിലും ഓഖി ഫണ്ട് ഹെലികോപ്റ്റർ യാത്രയ്ക്കായി ഉപയോഗിച്ചതുപോലെ വിവാദം വന്നുവീഴുമെന്നു കരുതിയില്ല. യുഡിഎഫിന്റെ കാലത്തു സുനാമി ഫണ്ട് വകമാറ്റിയെന്നു പറഞ്ഞു വൻ പ്രതിഷേധം ഉയർത്തിയതാണു സിപിഎം. തൃശൂർ സമ്മേളനത്തിൽ നിന്നു തലസ്ഥാനത്തേക്കു വരാനും തിരിച്ചു സമ്മേളനത്തിൽ പങ്കെടുക്കാനുമായാണു ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത് എന്നതിനാൽ പാർട്ടി തന്നെ വാടക നൽകി തലയൂരാനാണ് ആലോചന.

വിഎസില്ല, ബേബിയും പുറത്ത്

കഴിഞ്ഞ സമ്മേളന കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവരും സമ്മേളനങ്ങളുടെ മേൽനോട്ടത്തിനും പ്രസംഗങ്ങൾക്കുമായി ഉണ്ടായിരുന്നുവെങ്കിൽ ഇക്കുറി ഇരുവരും പുറത്ത്. ബേബി പാർട്ടി ദേശീയകേന്ദ്രത്തിന്റെ ഭാഗമല്ലേ എന്നാണു നേതൃത്വം പറയുന്നത്. എന്നാൽ സ്വന്തം കൊല്ലം ജില്ലാ സമ്മേളനത്തിൽപ്പോലും അദ്ദേഹത്തിന് ഇടമുണ്ടായില്ല. കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായ വിഎസിനെ ആലപ്പുഴയിലെങ്കിലും പങ്കെടുപ്പിക്കണമെന്ന വീണ്ടുവിചാരം ജില്ലാനേതൃത്വത്തിനുണ്ടായെങ്കിലും പാർട്ടി നേതൃത്വം ക്ഷണിച്ചതായി വിവരമില്ല. ഇതുമൂലം പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം, പ്രതിനിധികളോടു മാത്രമുള്ള പ്രസംഗം, മറുപടി, പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനപ്രസംഗം എല്ലാം പിണറായിയിലോ കോടിയേരിയിലോ നിക്ഷിപ്തമായി.

related stories