Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്എസ് വേദി പങ്കിടൽ: സിപിഎം പാനൂർ ലോക്കൽ സെക്രട്ടറിയെ നീക്കി

പാനൂർ ∙ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനു സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി കെ.കെ.പ്രേമനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നും ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്നും നീക്കി. ഇന്നലെ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഏരിയാ കമ്മിറ്റി ഇത് അംഗീകരിച്ചു. രാഷ്ട്രീയ നയവ്യതിയാനത്തിന്റെ പേരിലാണു നടപടിയെന്നാണു വിശദീകരണം. യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ പങ്കെടുത്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ എം.പി.ബൈജുവിനു സെക്രട്ടറി സ്ഥാനം നൽകി. 

ആർഎസ്എസ് നേതൃത്വത്തിലുള്ള സേവാഭാരതി കഴിഞ്ഞദിവസം പാനൂരിൽ സംഘടിപ്പിച്ച ചടങ്ങിലാണു പ്രേമൻ ആശംസാപ്രസംഗം നടത്തിയത്. രണ്ടാം തവണയാണു പ്രേമൻ നടപടി നേരിടുന്നത്. 2013ൽ പാനൂർ പഞ്ചായത്തിൽ യുഡിഎഫിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ സിപിഎമ്മും ബിജെപിയും ഒരുമിച്ചു വോട്ടു ചെയ്തതിനായിരുന്നു മുൻനടപടി. അന്നു പഞ്ചായത്ത് മെംബറും ലോക്കൽ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തലായിരുന്നു ശിക്ഷ. ആർഎസ്എസ് അക്രമത്തിനെതിരെ 13നു സിപിഎം പാനൂരിൽ പ്രതിരോധറാലി നടത്താനിരിക്കെയാണ് ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ ലോക്കൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കേണ്ടി വന്നത്.