Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി സേവനകേന്ദ്രങ്ങൾ വരുന്നു; ലൈനുകൾ മാപ്പിങ് നടത്തും

kseb-logo

തിരുവനന്തപുരം∙ വൈദ്യുതി ബോർഡിന്റെ എല്ലാ സേവനങ്ങളും ഒരിടത്തു ലഭ്യമാക്കുന്ന ആധുനിക വൈദ്യുതി സേവനകേന്ദ്രങ്ങൾ സംസ്ഥാനത്തൊട്ടാകെ വരുന്നു. മുഴുവൻ വിതരണ ലൈനുകളും 11 കെവി ലൈനുകളും ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിലൂടെ മാപ്പിങ് നടത്തി ഓരോ പോസ്റ്റിന്റെയും ലൈനിന്റെയും സ്ഥാനം മനസ്സിലാക്കി കേടുപാടു തീർക്കാനുള്ള സംവിധാനവും വൈകാതെ വരും.

സർക്കാരിന്റെ കരട് ഊർജ നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിൽ ഒരു വൈദ്യുതി സേവനകേന്ദ്രം വീതമാകും തുടക്കത്തിൽ. പിന്നീടു മറ്റു പ്രധാന കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കും. പണം അടയ്ക്കുക, വൈദ്യുതി കണക്‌ഷന് അപേക്ഷിക്കുക, കണക്ടഡ് ലോഡ് വർധിപ്പിക്കുക, ബിൽ പരാതി പരിഹരിക്കുക, പോസ്റ്റ് മാറ്റിയിടുക തുടങ്ങി ബോർഡിൽനിന്നു ലഭിക്കേണ്ട എല്ലാ സേവനവും സേവനകേന്ദ്രത്തിലൂടെ ലഭിക്കും. ബോർഡ് ഓഫിസിലേക്ക് ആരും പോകേണ്ടതില്ല. അടുത്ത ഘട്ടത്തിൽ അനെർട്ട്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എനർജി മാനേജ്മെന്റ് സെന്റർ തുടങ്ങിയവയുടെ സേവനവും ഈ കേന്ദ്രത്തിലൂടെ ലഭിക്കും. സോളർ പാനലുകളും മറ്റും വിതരണം ചെയ്യും.

തടസ്സമില്ലാതെ വൈദ്യുതി നൽകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 60,000 കിലോമീറ്റർ 11 കെവി ലൈനുകളും 14 ലക്ഷം പോസ്റ്റുകളും ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം മാപ്പിങ് നടത്തിക്കഴിഞ്ഞു. രണ്ടു ലക്ഷം കിലോമീറ്റർ നീളമുള്ള സാധാരണ വിതരണ ലൈനുകളുടെ മാപ്പിങ് ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കും. ഓരോ ലൈനും പോസ്റ്റും എവിടെയെന്ന് ഇനി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കൃത്യമായി അറിയാം. തകരാർ സംഭവിച്ചാൽ സാങ്കേതിക സംവിധാനം ഉപയോഗിച്ചു പെട്ടെന്നു കണ്ടെത്തി പരിഹരിക്കാം.

പുതിയ കണക്‌ഷൻ എടുക്കുന്നതിനും നിലവിലുള്ളതു മാറ്റുന്നതിനുമുള്ള സങ്കീർണ നടപടിക്രമങ്ങൾ പൂർണമായും ഒഴിവാക്കാനാണ് മറ്റൊരു തീരുമാനം.  ഇനി മുതൽ കണക്‌ഷന് അപേക്ഷിക്കുമ്പോൾ കണക്ടഡ് ലോഡിന് അനുസരിച്ചുള്ള തുക അടച്ചാൽ മതി. പുതിയ പോസ്റ്റിനും ലൈനിനും പ്രത്യേകം പണം അടയ്ക്കുന്ന രീതിയില്ല. ബോർഡ് നിശ്ചയിച്ച നിരക്കിൽ എല്ലാം ഉൾപ്പെടും. ബോർഡിന്റെ വെബ് പോർട്ടലിൽ ഇനി മുതൽ ഓൺലൈനായി അപേക്ഷ നൽകാനും അപേക്ഷ ഏതു ഘട്ടത്തിലാണെന്നു നോക്കാനുമെല്ലാം സൗകര്യമുണ്ടാകും. കണക്‌ഷനും ലോഡ് വർധിപ്പിക്കാനും ഓൺലൈൻ അപേക്ഷ നൽകി ഓൺലൈനായി പണം അടച്ചു നടപടിക്രമങ്ങളുടെ പുരോഗതി ഓൺലൈനായി വിലയിരുത്താം.

വൈദ്യുതി നിരക്ക്: കമ്മിഷൻ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം∙ നാലുവർഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ചു നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങൾക്ക് അന്തിമ രൂപം നൽകുന്നതിന്റെ ഭാഗമായി വൈദ്യുതി ബോർഡും ഉപയോക്താക്കളും തങ്ങളുടെ അഭിപ്രായങ്ങൾ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ മുമ്പാകെ അവതരിപ്പിച്ചു. നേരത്തേ പ്രസിദ്ധീകരിച്ച കരടു ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വൈദ്യുതി ബോർഡ്, ചെറുകിട ലൈസൻസികൾ, എച്ച്ടി–ഇഎച്ച്ടി ഉപയോക്താക്കൾ, ഗാർഹിക ഉപയോക്താക്കൾ എന്നിവരുടെ പ്രതിനിധികളാണു ഭേദഗതികൾ നിർദേശിച്ചത്. ഈ നിർദേശങ്ങൾ കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിയോജിപ്പുള്ളവർ അക്കാര്യം ഒരാഴ്ചയ്ക്കുള്ളിൽ കമ്മിഷനെ അറിയിക്കണം.

എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ കരടു ചട്ടങ്ങളിൽ മാറ്റം വരുത്തി റഗുലേറ്ററി കമ്മിഷൻ ഈ മാസം അവസാനത്തോടെ അന്തിമ വിജ്ഞാപനം ഇറക്കും. തുടർന്ന് ഈ ചട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വൈദ്യുതി ബോർഡും മറ്റു ലൈസൻസികളും വരവു ചെലവു കണക്കും നിരക്കു വർധനയ്ക്കുള്ള നിർദേശങ്ങളും സമർപ്പിക്കേണ്ടത്. പുതിയ ചട്ടങ്ങൾ അനുസരിച്ച് വരുന്ന നാലുവർഷത്തെ കണക്ക് ഒന്നിച്ചു നൽകേണ്ടിവരും. അതു പരിശോധിച്ചു ഹിയറിങ് നടത്തിയശേഷമായിരിക്കും നിരക്കു വർധിപ്പിക്കുക.