Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഭാവന സ്വീകരിച്ചു പ്രവാസികൾക്കായി ക്ഷേമനിധി: മുഖ്യമന്ത്രി

kerala-sabha തിരുവനന്തപുരത്തു ലോക കേരളസഭയുടെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ. ചിത്രം: മനോരമ.

തിരുവനന്തപുരം∙ ധനികരായ പ്രവാസികളിൽനിന്ന് ഉദാരമായി സംഭാവന സ്വീകരിച്ചു ക്ഷേമനിധി രൂപീകരിക്കുന്നത് ആലോചിക്കുമെന്നും പ്രവാസിക്ഷേമ ബോർഡിനുള്ള ധനസഹായം ഉയർത്താൻ ശ്രമിക്കുമെന്നും മുഖ്യമന്തി പിണറായി വിജയൻ. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരളസഭയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള മലയാളികളുടെ കഴിവുകൾ നാടിനു പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണു ലോക കേരളസഭ രൂപീകരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര സ്വാധീനം ചെലുത്താനാവുന്ന പ്രവാസി മലയാളികൾക്കു തങ്ങളുടെ രംഗങ്ങളിലെ മറ്റു പ്രമുഖരുടെ വിഭവവും നൈപുണ്യവും ഇവിടേക്ക് ആകർഷിക്കാൻ കഴിഞ്ഞാൽ ഏറെ പ്രയോജനപ്പെടും. പ്രവാസികളുടെ പണം ഭാവനാപൂർണമായി നിക്ഷേപിക്കാനും നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താനും പദ്ധതികളില്ല. ഈ പോരായ്മ പരിഹരിക്കണം. ഒപ്പം, തുകയുടെ വിനിയോഗത്തിൽ നിക്ഷേപകരുടെ അഭിപ്രായം മാനിക്കുന്ന സംവിധാനവുമുണ്ടാകണം– മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിയമസഭാ മന്ദിരത്തിലെ സമ്മേളനത്തിൽ സഭയുടെ സെക്രട്ടറി ജനറൽ കൂടിയായ ചീഫ് സെക്രട്ടറി പോൾ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനവും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സഭാ നടത്തിപ്പിന്റെ പ്രഖ്യാപനവും നടത്തി. പ്രസീഡിയത്തിലേക്കു തിരഞ്ഞെടുത്ത ഡപ്യൂട്ടി സ്പീക്കർ വി.ശശി, ആന്റോ ആന്റണി എംപി, എം.എ.യൂസഫലി, എം.അനിരുദ്ധൻ, സി.പി.ഹരിദാസ്, നടി രേവതി എന്നിവരെ വേദിയിലേക്കു ക്ഷണിച്ചതോടെ നടപടിക്രമങ്ങളിലേക്കു പ്രവേശിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ.കുര്യൻ, മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, എം.എ.യൂസഫലി, രവി പിള്ള, സി.കെ.മേനോൻ, ആസാദ് മൂപ്പൻ, കെ.പി.മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും.