Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക സംവരണം നിയമപരമല്ല; മുന്നറിയിപ്പുമായി നിയമസെക്രട്ടറി

government-of-kerala-logo

തിരുവനന്തപുരം∙ ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നു നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് സർക്കാരിന് ഉപദേശം നൽകി. സംവരണവുമായി മുന്നോട്ടുപോയാൽ തിരിച്ചടിയുണ്ടാകുമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകളിലെ സുപ്രീം കോടതി വിധികൾക്കെതിരാണു സർക്കാരിന്റെ തീരുമാനമെന്നും നിയമോപദേശത്തിൽ പറയുന്നു.

അഞ്ചു ദേവസ്വം ബോർഡുകളിലെയും നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സംവരണം നൽകാനായിരുന്നു സർക്കാർ തീരുമാനിച്ചത്. നിയമത്തിന്റെ പിൻബലമില്ലാത്ത ഈ സംവരണനയം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടാൽ അസാധുവാക്കപ്പെടുമെന്നു നിയമ സെക്രട്ടറി വ്യക്തമാക്കി.

സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ മാത്രം പിന്നാക്കാവസ്ഥ കണക്കാക്കുന്ന രീതി രാജ്യത്തെങ്ങും നിലവിലില്ല. ഈ രീതിയിൽ സംവരണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2007ലെ നാഗരാജ് കേസിലും 2017ലെ ബി.കെ.പവിത്ര കേസിലും പരമോന്നത നീതിപീഠം ഈ നിലപാട് ആവർത്തിക്കുകയും ചെയ്തു. ഇന്ദിരാ സാഹ്നി കേസിന്റെ വിധിപ്പകർപ്പുകൂടി ഉൾപ്പെടുത്തിയാണു മുഖ്യമന്ത്രിക്ക് ഉപദേശം കൈമാറിയത്. സർക്കാർ തീരുമാനത്തെ എൻഎസ്എസ് സ്വാഗതം ചെയ്തെങ്കിലും എസ്എൻഡിപി ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. 

ദേവസ്വം ചട്ട ഭേദഗതിക്ക് തുടർനടപടിയില്ല

ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സംവരണം നൽകാനായി കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് ചട്ടങ്ങളിൽ ഉടൻ ഭേദഗതി വരുത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചെങ്കിലും തുടർനടപടി സ്വീകരിച്ചിരുന്നില്ല. മറ്റു വിഭാഗങ്ങൾക്കുള്ള സംവരണവും ഉയർത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈഴവ സംവരണം പതിനാലിൽ നിന്നു 17% ആയും പട്ടികവിഭാഗ സംവരണം പത്തിൽ നിന്നു 12% ആയും ഈഴവ ഒഴികെയുള്ള ഒബിസി സംവരണം മൂന്നിൽനിന്ന് ആറു ശതമാനമായും വർധിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്. ദേവസ്വം നിയമനങ്ങളിൽ അഹിന്ദുക്കളെ പരിഗണിക്കാറില്ല.

സർക്കാർ സർവീസിൽ മുസ്‍ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു 18% സംവരണമുണ്ട്. ദേവസ്വം ബോർഡിൽ ഈ സംവരണംകൂടി ഹിന്ദുക്കളിലെ പൊതുവിഭാഗത്തിനാണ്. ഈ 18 ശതമാനത്തിൽനിന്നു 10% ആണു മുന്നാക്കക്കാരിലെ പിന്നാക്കം നിൽക്കുന്നവർക്കു നൽകാൻ ഉദ്ദേശിച്ചത്.