Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഡിയു പ്രവേശം സിപിഎം സമ്മേളനങ്ങൾ കഴിഞ്ഞാലുടൻ

തിരുവനന്തപുരം∙ യുഡിഎഫ് വിട്ട ജനതാദൾ(യു) വൈകാതെ എൽഡിഎഫിൽ ഘടകകക്ഷിയായേക്കും. ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞാൽ ഇക്കാര്യത്തിൽ എൽഡിഎഫിലെ കക്ഷികൾക്കിടയിൽ‍ സിപിഎം ആശയവിനിമയം നടത്തും.

നേരത്തെ മുന്നണിയിലുണ്ടായിരുന്ന കക്ഷിയെന്ന നിലയിൽ പുനഃപ്രവേശനത്തിനു തടസ്സമില്ലെന്നാണു ജനതാദൾ നേതാക്കളെ സിപിഎം അറിയിച്ചിരിക്കുന്നത്. യുഡിഎഫ് വിട്ടുവന്ന ഘടകകക്ഷിയെന്ന പരിഗണനയും ഉണ്ടാകും. ഇക്കാര്യത്തിൽ അനൗപചാരിക ഉറപ്പു ലഭിച്ചശേഷമാണു ദൾ യുഡിഎഫ് വിട്ടതും.

എന്നാൽ ഘടകകക്ഷിയായിരിക്കെ വീരേന്ദ്രകുമാറും കൂട്ടരും എൽഡിഎഫ് വിട്ടപ്പോൾ ഒപ്പം പോകാതെ മുന്നണിയിൽ തുടർന്ന ജനതാദളിന്(എസ്) മറുവിഭാഗത്തെ തിരിച്ചു വരവേൽക്കുന്നതിൽ ആശയക്കുഴപ്പമുണ്ട്. മുന്നണിയിലെ തങ്ങളുടെ നിലനിൽപ്പിനും പദവിക്കും ഇളക്കം തട്ടരുതെന്ന് അവർ വ്യക്തമാക്കുന്നു. ഇരുപാർട്ടികളും ഒന്നാകണമെന്നാണു സിപിഎ​മ്മിന്റെ അഭിപ്രായം. എന്നാൽ, ദേശീയതല ഐക്യത്തിന്റെ അടിസ്ഥാനത്തിലേ അതു പറ്റൂവെന്നാണ് ഇരുപാർട്ടികളുടെയും സമീപനം. 

ദളു(യു)മായുള്ള ചർച്ചകൾക്കു പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയുമാണു സിപിഎം സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവരുമായുള്ള ചർച്ചകൾക്കായി ദളും ഒരു നേതൃസമിതി രൂപീകരിക്കും.

related stories