Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രം

sreejith-mother പ്രതീക്ഷ ബാക്കി...: സഹോദരന്റെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ സമരമിരിക്കുന്ന ശ്രീജിത്ത് അമ്മ രമണി പ്രമീളയ്ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചശേഷം മടങ്ങുന്നു. ചിത്രം: മനോരമ

തിരുവനന്തപുരം /ന്യൂഡൽഹി ∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം സിബിഐ അന്വേഷിക്കുമെന്നു കേന്ദ്രമന്ത്രിയുടെ ഉറപ്പ്. എന്നാൽ, അന്വേഷണം സിബിഐ ഏറ്റെടുക്കും‌വരെ സമരം തുടരുമെന്നു സഹോദരൻ ശ്രീജിത്ത്. സെക്രട്ടേറിയറ്റിനു മുന്നിൽ 766 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്ത്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയശേഷമാണു നിലപാടു വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ കാര്യാലയത്തിന്റെയും സിബിഐയുടെയും ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദാണു സിബിഐ അന്വേഷണം ഉറപ്പുനൽകിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, ശശി തരൂർ എംപി എന്നിവർക്കാണു കേന്ദ്രമന്ത്രിയുടെ ഉറപ്പു ലഭിച്ചത്. ജിതേന്ദ്ര സിങ് ആവശ്യപ്പെട്ടതനുസരിച്ച് എംപിമാർ അദ്ദേഹത്തോടൊപ്പം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും കൂടിക്കാഴ്ച നടത്തി.

നേരത്തേ, സംസ്ഥാന സർക്കാരും പ്ര‌തിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിബിഐ അന്വേഷണമാവശ്യപ്പെട്ടു കേന്ദ്രത്തിനു നിവേദനം നൽകിയിരുന്നു. തിരുവനന്തപുരത്ത് അമ്മ രമണി പ്രമീള, പി.വി.അൻവർ എംഎൽഎ, സമൂഹമാധ്യമ കൂട്ടായ്മ പ്രതിനിധികൾ എന്നിവർക്കൊപ്പമാണു ശ്രീജിത്ത് മുഖ്യമന്ത്രിയെ കണ്ടത്. സർക്കാർ ശ്രീജിത്തിന്റെ നിലപാടിനൊപ്പമാണെന്നു മുഖ്യമന്ത്രി അറിയിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂല നിലപാട് എടുക്കും. കുറ്റക്കാരായ പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നു ശ്രീജിത്ത് മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും അതു നീക്കാൻ വേണ്ടതു ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. രാവിലെ ശ്രീജിത്തിനെ കണ്ടശേഷം പി.വി.അൻവർ മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയിരുന്നു. പിന്നീടാണു പിണറായിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചത്.

രാവിലെ ശ്രീജിത്തിനെ കാണാനെത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ വിവരം ഗവർണർ പി.സദാശിവത്തെ ധരിപ്പിച്ചു. തുടർന്നു രമണി പ്രമീളയും മുനവറലി തങ്ങളും രാജ്ഭവനിൽ എത്തി. സിബിഐ അന്വേഷണത്തിനു പിന്തുണയുണ്ടാകുമെന്നു ഗവർണർ അറിയിച്ചതായി ഇവർ പറഞ്ഞു. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ടു 2014 മുതൽ ഉള്ള മുഴുവൻ രേഖകളും നാളെ നൽകണമെന്നു ഗവർണർ നിർദേശിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ ശ്രീജിത്തിനെ സന്ദർശിച്ചു.