Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്മനത്തിന്റെ വികാസ് യാത്ര നാളെ മുതൽ; സമാപനം ഫെബ്രുവരി 15ന് കോട്ടയത്ത്

kummanam-rajasekharan-image-8

തൃശൂർ ∙ ജനരക്ഷാ യാത്രയ്ക്കു ലഭിച്ച പിന്തുണ സംഘടനാതലത്തിൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എല്ലാ ജില്ലയിലും നടത്തുന്ന ‘വികാസ് യാത്ര’യ്ക്കു നാളെ തൃശൂരിൽ തുടക്കമാകും. രാവിലെ 10.30ന് റെയിൽവേ സ്റ്റേഷനിൽ ബിജെപി ജില്ലാ കമ്മിറ്റി സ്വീകരണം നൽകും. മൂന്നു ദിവസം തൃശൂരിൽ‍ പര്യടനം നടത്തും. വിവിധ ജില്ലകളിലെ യാത്ര മാർച്ച് 15ന് കോട്ടയത്തു സമാപിക്കുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.

ഓരോ ജില്ലയിലും കുറഞ്ഞതു രണ്ടുദിവസം വീതമാണു പര്യടനം. ജില്ലകളിൽ ഇരുപതോളം യോഗങ്ങളിൽ പങ്കെടുത്തു വിവിധ മേഖലകളിലുള്ളവരുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ നൽകാതെ കെഎസ്ആർടിസി തൊഴിലാളികളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ നരഹത്യയ്ക്കു കേസെടുക്കണമെന്നു എ.എൻ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൈനയുടെ റിക്രൂട്ടിങ് ഏജന്റ് പോലെയാണ് പ്രവർത്തിക്കുന്നത്. സ്വന്തം രാജ്യത്തോട് കൂറു പുലർത്താതെ ചൈനയോടു മമത പുലർത്തുന്ന കോടിയേരിയുടെ നയം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യാത്ര നടത്തുന്ന ജില്ല, പര്യടന തീയതി എന്ന ക്രമത്തിൽ:

തൃശൂർ: ജനുവരി 16, 17, 18; പത്തനംതിട്ട: 23, 24; കാസർകോട്: 29,30; തിരുവനന്തപുരം: ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന്; കൊല്ലം: ആറ്, ഏഴ്, എട്ട്; ആലപ്പുഴ: 11, 12, 13; എറണാകുളം: 16, 17, 18; ഇടുക്കി: 19, 20, 21; കോഴിക്കോട്: 23, 24, 25; വയനാട്: 26, 27; കണ്ണൂർ: മാർച്ച് ഒന്ന്, രണ്ട്; മലപ്പുറം: അഞ്ച്, ആറ്, ഏഴ്; പാലക്കാട്: ഒൻപത്, പത്ത്, 11; കോട്ടയം: 13, 14, 15.