Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രത്തിനു സമർപ്പിക്കാതെ 2016ലെ ഐപിഎസ് പട്ടിക ഫയലിൽ ‘ഭദ്രം’

IPS

തിരുവനന്തപുരം∙ നിയമിക്കാൻ ഒഴിവില്ലെന്ന കാരണത്താൽ 2016ലെ ഐപിഎസ് പട്ടിക കേന്ദ്രത്തിലേക്ക് ഇതുവരെ അയച്ചിട്ടില്ല. 2016ലെ 13 ഒഴിവുകളിലേക്കു 33 എസ്പിമാരുടെ പട്ടികയാണു ‘ശുദ്ധികലശം’ നടത്തി ഒന്നര മാസത്തിലേറെയായി ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫിസിൽ സൂക്ഷിച്ചിരിക്കുന്നത്. ഐപിഎസ് കിട്ടിയാലും ഇവരെ നിയമിക്കാൻ സംസ്ഥാനത്ത് ഇപ്പോൾ തസ്തിക ഒഴിവില്ലെന്നാണു സെക്രട്ടറിയുടെ ന്യായം.

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടും ഫയൽ അനങ്ങാത്തതിൽ പട്ടികയിലുള്ള എസ്പിമാർ അമർഷത്തിലാണ്. ബാർ കോഴക്കേസ് അന്വേഷിച്ച എസ്പി: ആർ.സുകേശനെ ക്രൈംബ്രാഞ്ച് കേസിൽനിന്നു കുറ്റവിമുക്തനാക്കി 2016ലെ ഐപിഎസ് നിർദേശപട്ടിക രണ്ടു മാസം മുൻപാണു സർക്കാർ തയാറാക്കിയത്. എന്നാൽ, മൂന്നുപേരെക്കൂടി കേസിൽ നിന്നൊഴിവാക്കി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് ശുദ്ധീകരിക്കേണ്ടി വന്നതിനാൽ പട്ടിക വൈകി. ഇതിനിടെ, 2015ലെ പട്ടിക കേന്ദ്രത്തിനു നൽകുകയും അതിൽ നാലു പേർക്ക് ഐപിഎസ് ലഭിക്കുകയും ചെയ്തു.

എന്നാൽ, ഇവർക്കു നിയമനം നൽകാൻ ഇപ്പോൾ തസ്തിക ഒഴിവില്ലെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. അതിനാൽ, 2016ലെ പട്ടിക ഉടനടി അയച്ചിട്ടു കാര്യമില്ലെന്നും അവർ ഉന്നതരെ അറിയിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഒഴിവു വന്ന എസ്പി തസ്തികയിലെല്ലാം ഡിവൈഎസ്പിമാർക്കു സ്ഥാനക്കയറ്റം നൽകി നിയമിച്ചെന്നാണ് അവരുടെ കണ്ടെത്തൽ. എന്നാൽ, ഇതു ശരിയല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇന്റലിജൻസ്, ക്രൈംബ്രാഞ്ച്, വിജിലൻസ്, ബറ്റാലിയൻ എന്നിവിടങ്ങളിൽ ഇപ്പോൾത്തന്നെ തസ്തികകൾ ഒഴിവുണ്ട്. മാത്രമല്ല, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പത്തിലേറെ പേർ വിരമിക്കുന്നുമുണ്ട്.

ഇപ്പോൾ പട്ടിക കേന്ദ്രത്തിനു കൈമാറിയാൽത്തന്നെ ഐപിഎസ് ലഭിക്കാൻ മാസങ്ങളെടുക്കുമെന്നും അവർ പറയുന്നു. ഇപ്പോഴത്തെ പട്ടികയിലുള്ള 33 ഉദ്യോഗസ്ഥർക്ക് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാൻ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയുടെ അനുമതി തേടണം. അതു ലഭിച്ചാൽ ആഭ്യന്തര വകുപ്പ് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് സഹിതം പട്ടിക പൊതുഭരണ വകുപ്പിനു നൽകണം. അതു ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രി അംഗീകരിച്ച ശേഷമാണു കേന്ദ്രസർക്കാരിനു നൽകേണ്ടത്. ഇതിനുമാത്രം ആഴ്ചകൾ എടുക്കും. അതിനാൽ, ആഭ്യന്തര വകുപ്പിലെ ഒരു അഡീഷനൽ സെക്രട്ടറി മറ്റു ചില കാരണത്താൽ പട്ടിക മനഃപൂർവം വൈകിപ്പിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.

2017ലെ പട്ടികയും തയാറാക്കി തമിഴ്നാട്

തമിഴ്നാട് അടക്കമുള്ള പല സംസ്ഥാനങ്ങളും 2017ലെ ഐപിഎസ് പട്ടിക തയാറാക്കിക്കഴിഞ്ഞു. ഈ സംസ്ഥാനങ്ങൾ എല്ലാ വർഷവും ജനുവരിയിൽത്തന്നെ പട്ടിക നൽകി അർഹമായ ഐപിഎസ് നേടിയെടുക്കാറുണ്ട്. കേരളത്തിൽ 2016ലെ പട്ടികയിലുള്ള 33 പേരിൽ ഭൂരിപക്ഷവും വിരമിച്ചിട്ടു രണ്ടു വർഷത്തിലേറെയായി. ഇവർക്ക് ഐപിഎസ് ലഭിച്ചാൽത്തന്നെ രണ്ടുവർഷത്തിൽ കൂടുതൽ സർവീസിൽ തുടരാനും കഴിയില്ല. സീനിയോറിറ്റി പ്രകാരം തയാറാക്കുന്ന പട്ടികയിലെ പലരും വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടി നേരിട്ടവരുമായതിനാൽ ഇവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളിൽ തിരുത്തൽ വരുത്തേണ്ടതിനാലാണു കേരളത്തിൽ പട്ടിക മിക്കപ്പോഴും വൈകുന്നത്.