Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്ത് സമരം ശക്തമാക്കുന്നു; ഒപ്പം സമൂഹമാധ്യമ പ്രവർത്തകരും

തിരുവനന്തപുരം∙ ശ്രീജിത്തിനൊപ്പം സമരം തുടരാൻ സമൂഹമാധ്യമ കൂട്ടായ്മ പ്രവർത്തകരും. സമരം ശക്തമാക്കാൻ കൂടുതൽ പേരെ അണിനിരത്താനാണു തീരുമാനം. സമരം ക്രമസമാധാനത്തെ ബാധിക്കാതിരിക്കാൻ സ്ഥിതി നിയന്ത്രിക്കണമെന്നു പൊലീസിന് അധികൃതർ നിർദേശം നൽ‍കി. പൊലീസുകാർ പ്രതിസ്ഥാനത്തുള്ള കേസ് ആയതിനാൽ വൈകാരിക പ്രതികരണങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണു നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിവ്(25) മരിച്ചത്. 2014 മേയ് 19നു രാത്രി ശ്രീജിവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിലെ സെല്ലിൽ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നു പിറ്റേന്നു പൊലീസുകാർ വീട്ടുകാരെ അറിയിച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ 21ന് ആണു ശ്രീജിവ് മരിച്ചത്. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയർമാ‍നായിരിക്കെ, ജസ്റ്റിസ് കെ.നാരായണകുറുപ്പിന്റെ ഇടപെടലാണു കേസിൽ വഴിത്തിരിവായത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കസ്റ്റഡി മരണമാണെന്നു കണ്ടെത്തി. എഎസ്ഐയുടെ ബന്ധുവായ പെൺകുട്ടിയുമായി ശ്രീജിവ് പ്രണയത്തിലായിരുന്നു. ആ പെൺകുട്ടിയുടെ വിവാഹത്തലേന്നാണു ശ്രീജിവിനെ കസ്റ്റഡിയിൽ എടുക്കുന്നത്.

ഒരു വർഷം മുൻപ് മൊബൈൽ കടയിൽ നടന്ന മോഷണത്തിന്റെ പേരിലായിരുന്നു അത്. സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവറെക്കൊണ്ടു ശ്രീജിവിനെ വിളിച്ചുവരുത്തുകയായിരുന്നു. ശ്രീജിവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തുക കുറ്റക്കാരിൽനിന്ന് ഈടാക്കാനുമാണു കംപ്ലെയ്ന്റ് അതോറിറ്റി വിധിച്ചത്. കുറ്റക്കാർക്കെതിരെ അച്ചടക്കട നടപടിയും നിർദേശിച്ചു. നഷ്ടപരിഹാരം നൽ‍കിയെങ്കിലും പൊലീസുകാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല.