Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ കമ്മിഷൻ പരിഗണനാ വിഷയങ്ങൾ മറികടന്നിട്ടില്ലെന്നു സർക്കാർ

കൊച്ചി ∙ സോളർ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ പരിഗണനാവിഷയങ്ങൾ മറികടന്നിട്ടില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സരിതയുടെ കത്തു കമ്മിഷൻ റിപ്പോർട്ടിന്റെ ഭാഗമായി ഉൾപ്പെടുത്തിയതു നിയമവിരുദ്ധമല്ല. 

‘സഭയ്ക്ക് അകത്തും പുറത്തും ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ’ കമ്മിഷന്റെ പരിഗണനാവിഷയങ്ങളിൽ ഒന്നാമത്തേത് ആയിരുന്നു. കമ്മിഷൻ റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനുമുൻപു മുഖ്യമന്ത്രിക്കു പത്രസമ്മേളനം നടത്താൻ നിയമപരമായ തടസ്സമില്ല. ആറുമാസത്തിനകം നടപടി റിപ്പോർട്ട് സഹിതം സഭയുടെ മേശപ്പുറത്തു വയ്ക്കണമെന്നാണു ചട്ടം. സഭയിൽ വയ്ക്കും മുൻപു സർക്കാർ റിപ്പോർട്ടിന്മേൽ നടപടിയെടുക്കണമെന്നു ചട്ടത്തിൽ തന്നെ വ്യക്തമാണെന്നു സർക്കാർ ബോധിപ്പിച്ചു.

സോളർ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും സർക്കാരിന്റെ തുടർനടപടിയും ചോദ്യംചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ ഹർജിയിലാണ് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി എം.പി. പ്രിയാമോളുടെ സത്യവാങ്മൂലം. സോളർ കേസ് പ്രതിയായ സരിതയുടെ കത്തു റിപ്പോർട്ടിന്റെ ഭാഗമാക്കിയ കമ്മിഷൻ, സർക്കാർ ഏൽപിച്ച പരിഗണനാവിഷയങ്ങൾ മറികടന്നുവെന്നും കത്തിന്റെ അടിസ്ഥാനത്തിലുള്ള പരാമർശങ്ങൾ റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടുന്ന ഹർജി ഫെബ്രുവരി ഏഴിലേക്കു മാറ്റി. 

സോളർ വിവാദവുമായി ബന്ധപ്പെട്ട് എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങളുടെയും സർക്കാരിനു നൽകിയ നിവേദനത്തിന്റെയും വിഷയം കത്താണെന്നും ഹർജിക്കാരൻ മുഖ്യമന്ത്രിയായ സർക്കാർതന്നെയാണു പരിഗണനാവിഷയങ്ങൾ നിശ്ചയിക്കാൻ നിവേദനം കമ്മിഷനു വിട്ടതെന്നും സർക്കാർ വിശദീകരിച്ചു.

സോളർ സാമ്പത്തിക ഇടപാടുകൾ, മുൻ മുഖ്യമന്ത്രിയും വൈദ്യുത മന്ത്രിയുമായി ബന്ധപ്പെട്ട സോളർ നയരൂപീകരണം എന്നിവയുമായി ബന്ധപ്പെട്ട കത്തിനു പ്രസക്തിയുണ്ട്. അതിലുൾപ്പെട്ട ആരോപണങ്ങളിൽ ഗൗരവമേറിയ കുറ്റകൃത്യങ്ങൾ വെളിപ്പെടുന്നതിനാൽ അന്വേഷണ വിധേയമാക്കണമെന്നു പറയുന്നതല്ലാതെ, കമ്മിഷൻ നിഗമനങ്ങൾ നടത്തിയില്ല.