Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവിനെതിരെ സിപിഐ

Gita Gopinath ഗീതാ ഗോപിനാഥ്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവ് ഗീതാ ഗോപിനാഥിനെതിരെ സിപിഐ. ചെലവു ചുരുക്കലുമായി ബന്ധപ്പെട്ടു ഗീത മുന്നോട്ടുവച്ച ഉപദേശങ്ങൾ കരുതലോടെ കാണണമെന്നു സിപിഐ മുഖപത്രം മുഖപ്രസംഗത്തിലൂടെ നിർദേശിച്ചു. ഗീതയുടെ ഉപദേശങ്ങൾ സർക്കാരിന്റെ സാമ്പത്തികനയത്തിൽ സ്വാധീനം ചെലുത്തുന്നതാണെങ്കിൽ അതു തികച്ചും ആശങ്കാജനകമാണെന്നാണു ജനയുഗം അഭിപ്രായപ്പെട്ടത്.

ലോക കേരളസഭയ്ക്കെത്തിയ ഗീതാ ഗോപിനാഥ് ചില മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണു സിപിഐയെ ചൊടിപ്പിച്ചത്. ശമ്പളവും പെൻഷനും ക്ഷേമപദ്ധതികളും അധികഭാരമുണ്ടാക്കുന്നതിനെക്കുറിച്ച് അവർ പരാമർശിച്ചിരുന്നു. ഗ്രീസും സ്പെയിനുമടക്കമുള്ള പാശ്ചാത്യരാഷ്ട്രങ്ങളുടെ ചെലവു ചുരുക്കൽ നയങ്ങളുടെ തനിയാവർത്തനമാണോ ഇതെന്നു സിപിഐ പത്രം ചോദിക്കുന്നു.

ഈ നവ ലിബറൽ സാമ്പത്തിക പരിഷ്കാരങ്ങൾ പാശ്ചാത്യ രാഷ്ട്രങ്ങളിലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ കടപുഴക്കുകയും പലതിന്റെയും നിരോധനത്തിനുതന്നെ കാരണമാകുകയും ചെയ്തു. വേതനം, പെൻഷൻ, ക്ഷേമപദ്ധതികൾ എന്നിവയെപ്പറ്റി നടത്തുന്ന നിഷേധാത്മക പരാമർശങ്ങൾ സമൂഹത്തിലെ ഒരു വിഭാഗത്തിനെതിരെ മറ്റു ജനവിഭാഗങ്ങളെ ഇളക്കിവിടുന്നതിനു തുല്യമാണ് – മുഖപ്രസംഗം മുന്നറിയിപ്പു നൽകി.

ഗീത എൽഡിഎഫിന്റെ ഉപദേശകയല്ല: കാനം

ഗീതാ ഗോപിനാഥ് എൽഡിഎഫിന്റെ ഉപദേശകയല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അവർ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. എൽഡിഎഫ് നയമാണു സർക്കാർ നടപ്പാക്കുകയെന്നും കാനം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ഉപദേശങ്ങൾ സ്വീകരിക്കുന്നുണ്ടാകാം. എന്നാൽ അതും എൽഡിഎഫും തമ്മിൽ ബന്ധമില്ല. സ്വകാര്യവൽക്കരണം ഇടതു പാർട്ടികളുടെ നയമല്ല. എൽഡിഎഫ് നയമാണു കേരളത്തിൽ നടപ്പിലാക്കുന്നത്. എൻസിപി പ്രതിനിധിയായി കോവൂർ കുഞ്ഞുമോൻ മന്ത്രിയാകുമെന്നത് അഭ്യൂഹം മാത്രമാണെന്നും കാനം പറഞ്ഞു.

related stories