Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥിയുടെ മൃതദേഹം കത്തിച്ച നിലയിൽ; അമ്മയും യുവാവും കസ്റ്റഡിയിൽ

Jithu ജിത്തു ജോബ്

കുണ്ടറ (കൊല്ലം)∙ രണ്ടു ദിവസം മുൻപു വീട്ടിൽ നിന്നും കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കത്തിച്ച്  വീട്ടുപുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നെടുമ്പന  കുരീപ്പള്ളി സെബദിയിൽ ജോബ്.ജി.ജോണിന്റെ മകൻ ജിത്തു ജോബ് (14) ന്റെ മൃതദേഹമാണ്  ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ കരിഞ്ഞ നിലയിൽ കണ്ടത്. അമ്മ ജയമോളെയും  ഒരു യുവാവിനെയും  കസ്റ്റഡിയിലെടുത്തു. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാൽപാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്.

തിങ്കൾ രാത്രി എട്ടോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒൻപതാംക്ലാസ് വിദ്യാർഥിയായ ജിത്തു ജോബ്  സ്കെയിൽ വാങ്ങാൻ വീട്ടിൽ‌ നിന്ന് ഇറങ്ങുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഇൗ സമയം വീട്ടിൽ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിയ്ക്കു പോയിരുന്നു. ഏക സഹോദരി ടീന  അമ്മയുടെ ബന്ധുവീട്ടിലായിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോൾ കടയിൽ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോൾ പറഞ്ഞു. ഉടൻ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവൻ തിരച്ചിൽ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോൾ പറഞ്ഞത്.  മൂന്നു മണിക്കുറോളം ചോദ്യം ചെയ്യൽ തുടർന്നു. വീടും പരിസരവും സിഐയും സംഘവും പരിശോധിച്ചു.

വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേർന്നു കണ്ട ചെരുപ്പുകൾ ജിത്തുവിന്റെതാണെന്നു കണ്ടെത്തി.. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയ്യിൽ പൊള്ളിയ പാടും കണ്ടതോടെ സംശയം ബലപ്പെട്ടു. ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും സമീപത്തെ റോഡിലേക്ക് പോയി തിരികെപ്പോയി. വീട്ടിനു സമീപം ഇവരുടെ  വാഴത്തോട്ടത്തിൽ കാക്കകൾ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ്  ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടത്. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി. ഓഹരി തർക്കത്തിന്റെ പേരിൽ കൃത്യം നടത്തിയതെന്ന് ജോമോൾ പൊലീസിനോടു പറഞ്ഞതായാണു സൂചന. പൊലീസ് ഇതു  മുഖവിലയ്ക്കെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു  മാറ്റി. ഗൾഫിലായിരുന്ന ജോബ് ജി. ജോൺ നാലുവർഷം മുൻപാണ് മടങ്ങിയെത്തിയത്. 

related stories