Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോർന്ന സംഭവം അനാവശ്യ ചർച്ചകൾക്കു വഴിവയ്ക്കരുതെന്ന് കോടതി

woman-representational-image

അങ്കമാലി ∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിലെ അനുബന്ധ കുറ്റപത്രം ചോർന്ന സംഭവം, പുറംലോകം അനാവശ്യമായി വിഷയം ചർച്ചചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നു കോടതി നിർദേശിച്ചു. കുറ്റപത്രത്തെ സംബന്ധിച്ചു പൊതുസമൂഹത്തിൽ ചർച്ചയുണ്ടായി. ഇത്തരത്തിലുള്ള ചർച്ച കേസിനെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. കേസിലെ മുഖ്യ പ്രതിയായ നടൻ ദിലീപ് നൽകിയ പരാതിയുടെ ആദ്യഘട്ടത്തിലെ വാദത്തിൽ ഇതു സംബന്ധിച്ച് അന്വേഷണസംഘം കോടതിയിൽ വിശദീകരണം നൽകിയിരുന്നു. എന്നാൽ, പിന്നീടു തുടർച്ചയായി കുറ്റപത്രത്തിലെ മൊഴികൾ അതേപടി പുറത്തുവന്നതും ചർച്ചയായി.

കുറ്റപത്രം ചോർന്ന സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോടു വിശദീകരണം തേടണമെന്നായിരുന്നു ദിലീപിന്റെ പരാതി. ഈ പരാതി ഇന്നലെ അനുവദിച്ച് ഉത്തരവാകുകയായിരുന്നു. കുറ്റപത്രത്തിനൊപ്പം പൊലീസ് കോടതിയിൽ നൽകിയ രേഖകളുടെയും നടിയെ ഉപദ്രവിക്കുന്ന വിഡിയോ ദൃശ്യങ്ങളുടെയും പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ രണ്ട് അപേക്ഷകളും പ്രോസിക്യൂഷൻ ഭാഗം കേൾക്കാനായി 22ലേക്കു മാറ്റി. നടിയെ ഉപദ്രവിച്ചെന്ന കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനുശേഷം കോടതി പരിശോധനകൾ തുടങ്ങുംമുൻപുതന്നെ കുറ്റപത്രം പുറത്തു ചർച്ചയായിരുന്നു.

കേസിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് ആദ്യഘട്ടം മുതൽ ഈ കേസിന്റെ എല്ലാ വാദങ്ങളും അടച്ചിട്ട മുറിയിലാണു നടത്തിയത്. എന്നാൽ, അന്വേഷണസംഘം പഴുതുകൾ അടച്ചു തയാറാക്കിയ കുറ്റപത്രം പൊതുസമൂഹത്തിൽ ചർച്ചയായി. പൊലീസ് കുറ്റപത്രം മാധ്യമങ്ങൾക്കു ചോർത്തി നൽകി എന്നും ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനിൽനിന്നു വിശദീകരണം ചോദിക്കണമെന്നുമായിരുന്നു പ്രതി ദിലീപിന്റെ പരാതി. എന്നാൽ, കുറ്റപത്രം ചോർന്ന സംഭവത്തിൽ പൊലീസ് കുറ്റപ്പെടുത്തുന്നതു ദിലീപിനെതന്നെയാണ്. ഫോൺ വിവരങ്ങൾ ഉൾപ്പെടെ മാധ്യമങ്ങൾക്കു നൽകിയതു ദിലീപാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. കുറ്റപത്രം ചോർന്ന കേസിലെ അന്തിമ തീർപ്പു വരുന്നതിനു മുൻപുതന്നെ കുറ്റപത്രത്തിലെ നടിമാരുടെയും മറ്റും മൊഴിപ്പകർപ്പും പുറത്തുവന്നിരുന്നു.