Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1300 കോടിയുടെ പാത ഇരട്ടിപ്പിക്കൽ പദ്ധതിക്ക് അനുമതി തേടി കേരളം

government-of-kerala-logo

ന്യൂഡൽഹി ∙ കേരളത്തിൽ 1300 കോടി രൂപയുടെ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ അനുവദിക്കണമെന്നു പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടു. ശബരി പാത ഉൾപ്പെടെ നേരത്തേ പ്രഖ്യാപിച്ച എല്ലാ പദ്ധതികൾക്കും കേന്ദ്രം പൂർണമായി മുതൽമുടക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

തമിഴ്നാട്ടിൽ നാഗർകോവിൽ – മണിയാച്ചി, മണിയാച്ചി – മധുര പാതകൾ പൂർണകേന്ദ്രസഹായത്തോടെ അംഗീകരിച്ച കാര്യവും കേരളം ശ്രദ്ധയിൽപെടുത്തി. എറണാകുളം – കുമ്പളം (7.71 കിലോമീറ്റർ, 179.24 കോടി രൂപ), കുമ്പളം – തുറവൂർ (15.59 കിലോമീറ്റർ, 253 കോടി രൂപ), തുറവൂർ – അമ്പലപ്പുഴ (50 കിലോമീറ്റർ, 829 കോടി രൂപ) എന്നീ പാതകളാണ് ഇരട്ടിപ്പിക്കേണ്ടത്. വന്യജീവി സങ്കേതങ്ങൾക്കു തടസ്സമില്ലാതെ തലശ്ശേരി – മൈസൂരു പദ്ധതി നടപ്പാക്കണമെന്ന നിലപാടിൽ മാറ്റമില്ല.

ഭൂമി ലഭ്യമാകുന്ന മുറയ്ക്കു റെയിൽവേ പദ്ധതികൾക്കു പണം അനു‌വദിക്കാമെന്നു പിയൂഷ് ഗോയൽ ഉറപ്പു നൽകി. എറണാകുളം – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ ഭൂമി ‌ലഭ്യമാകുന്ന മുറയ്ക്കു പൂർത്തിയാക്കും. കൊച്ചുവേളി ടെർമിനൽ നിർമാണത്തിനു സാധ്യത പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി. പ്രി‍ൻസിപ്പൽ സെക്രട്ടറിമാരായ കെ.ആർ.ജ്യോതിലാൽ, കമലവർധന റാവു എന്നിവരും സുധാകരനൊപ്പമുണ്ടായിരുന്നു.