Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടി ഒന്നാം പ്രതി; അന്വേഷണ സംഘം പുറത്ത്

Thomas-Chandy-3

കോട്ടയം / തിരുവനന്തപുരം∙ ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ടിലേക്കു റോഡു നിർമിക്കാൻ വയൽ നികത്തിയെന്ന കേസിൽ മുൻമന്ത്രി തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

എന്നാൽ, കോടതി കേസ് പരിഗണിക്കുന്നതിനു തൊട്ടുമുൻപു തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ ഡയറക്ടർ ലോക്നാഥ് ബെഹ്റ മാറ്റി. അന്വേഷണം വിജിലൻസ് തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ ഏൽപിച്ചു.

മതിയായ കാരണങ്ങൾ ഇല്ലാതെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന കോടതി വിധികൾ നിലവിലുണ്ട്. അതു പാലിക്കാതെയാണു തോമസ് ചാണ്ടി കേസിലെ അന്വേഷണ സംഘത്തെ ഒന്നാകെ മാറ്റിയത്. വിജിലൻസ് റേഞ്ച് എസ്പി എം.ജോൺസൺ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രാഥമിക പരിശോധനയ്ക്കുശേഷം അഴിമതി നിരോധന നിയമപ്രകാരമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാൻ നേരത്തേ ഡയറക്ടർക്കു ശുപാർശ നൽകിയത്. 

നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ചാണു വയൽ നികത്തി റിസോർട്ടിലേക്കു റോഡ് നിർമിച്ചതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

എന്നാൽ, ഈ റിപ്പോർട്ട് സ്വീകരിക്കാതെ കൂടുതൽ അന്വേഷണം നടത്താനായിരുന്നു ബെഹ്റയുടെ നിർദേശം. ഈ ശുപാർശയോടു ഡയറക്ടർക്കു യോജിപ്പില്ലെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. എന്നാൽ കണ്ടെത്തിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമാണെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. ആ രീതിയിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണു സംഘത്തെ മാറ്റി തിരുവനന്തപുരം പ്രത്യേക യൂണിറ്റ് എസ്പി കെ.ഇ.ബൈജുവിനെ അന്വേഷണച്ചുമതലയേൽപ്പിച്ചത്.

അന്വേഷണ സംഘത്തെ മാറ്റിയതു കേസ് അട്ടിമറിക്കാനാണെന്നു പരാതിക്കാരനായ ആലപ്പുഴ സ്വദേശി സുഭാഷ് തീക്കാടൻ കോടതിയിൽ ആരോപിച്ചു. എന്നാൽ അന്വേഷണസംഘത്തെ മാറ്റിയതിൽ കോടതിക്ക് ഇടപെടൻ കഴിയില്ലെന്നു വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജി പറഞ്ഞു. കേസ് അന്വേഷണത്തിനു കോടതിയുടെ നേരിട്ടുള്ള മേൽനോട്ടം വേണമെന്ന പരാതിക്കാരന്റെ ആവശ്യവും കോടതി നിരാകരിച്ചു.

പദവി ദുരുപയോഗം മുതൽ പൊതുമുതൽ അപഹരണം വരെ കുറ്റങ്ങൾ

കോട്ടയം വിജിലൻസ് കോടതിയിൽ ഇന്നലെ സമർപ്പിച്ച എഫ്ഐആറിൽ തോമസ് ചാണ്ടിയും 2010–12 കാലത്തെ ആലപ്പുഴ ജില്ലാ കലക്ടർമാരും ഉൾപ്പെടെ 22 പേർ പ്രതികളാണ്.

തോമസ് ചാണ്ടിക്കും ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കുമെതിരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, ഗൂഢാലോചന, അഴിമതിനിരോധന നിയമ ലംഘനം, നീർത്തട–തണ്ണീർത്തട സംരക്ഷണ നിയമ ലംഘനം, പൊതുമുതൽ അപഹരണം തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിലുള്ളത്.

പട്ടികയിലെ രണ്ടു മുതൽ 15 വരെയുള്ള പ്രതികൾ ജില്ലാ കലക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരും 16 മുതൽ 22 വരെയുള്ള പ്രതികൾ വാട്ടർ വേൾഡ് ടൂറിസം കമ്പനി അധികൃതരുമാണ്. സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കുറ്റകരമായ ഗൂഢാലോചനയ്ക്കു കൂട്ടുനിന്നെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ. തോമസ് ചാണ്ടിയും കുടുംബാംഗങ്ങളുമാണു വാട്ടർ വേൾഡ് ടൂറിസം കമ്പനി റിസോർട്ടിന്റെ ഓഹരി ഉടമകൾ.