Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനതാദൾ (യു) ഔദ്യോഗിക വിഭാഗം കേരളത്തിൽ യുഡിഎഫിനൊപ്പം

MP Veerendrakumar

കോഴിക്കോട്∙ കേരളത്തിൽ യുഡിഎഫിനൊപ്പം നിൽക്കാനും തദ്ദേശ സ്ഥാപനങ്ങളിൽ അവിശ്വാസം വന്നാൽ യുഡിഎഫ് അനുകൂല വിപ് നൽകാനും ജനതാദൾ (യു) ഔദ്യോഗിക വിഭാഗം തീരുമാനിച്ചു. നിതീഷ്കുമാറിനൊപ്പമുള്ള ജെഡിയുവാണ് യുഡിഎഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്.

എം.പി.വീരേന്ദ്രകുമാർ എംപിയായതും തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ജയിച്ചതും ജെഡിയുവിന്റെ ചിഹ്നത്തിലാണ്. നിതീഷ്കുമാർ നേതൃത്വം നൽകുന്ന ജനതാദൾ യുവിനു തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നൽകിയ സാഹചര്യത്തിൽ പാർട്ടിയുടെ പേരിലും ചിഹ്നത്തിലും ജയിച്ചവർക്ക് ഔദ്യോഗിക വിഭാഗത്തിന്റെ വിപ് ബാധകമാണെന്നു സംസ്ഥാന പ്രസിഡന്റ് എ.എസ്.രാധാകൃഷ്ണൻ പറഞ്ഞു.

നിതീഷ്കുമാറിന്റെ വിപ് ബാധകമാകും എന്ന പേരിലാണ് എം.പി.വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവച്ചത്. ഇതേ വിപ് തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കും ബാധകമാണ്. എന്നാൽ, ഔദ്യോഗിക ജനതാദൾ യു ആരാണെന്നതു സംബന്ധിച്ച കേസ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ വിപ് ഇപ്പോൾ ബാധകമല്ലെന്ന നിലപാടിലാണ് വീരേന്ദ്രകുമാർ പക്ഷം.

നിതീഷ്കുമാറും ശരദ് യാദവും ഒന്നിക്കുന്നതിനു മുൻപ് കേരളത്തിൽ നിതീഷ്കുമാറിന്റെ പാർട്ടിയെ പ്രതിനിധീകരിച്ചവരാണ് ഇപ്പോൾ ഔദ്യോഗിക ജെഡിയു എന്ന പേരിൽ പ്രവർത്തിക്കുന്നത്. അവർക്ക് വിപ് നൽകാൻ അധികാരമില്ല. ശരദ് യാദവിനെയും അൻവർ അലിയെയും അയോഗ്യരാക്കിയ നിതീഷ്കുമാറിന്റെ നടപടി കോടതി സ്റ്റേ ചെയ്തതിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമാണെന്നു ജെഡിയു വീരേന്ദ്രകുമാർ വിഭാഗം ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പറഞ്ഞു.

അവകാശ തർക്കം സംബന്ധിച്ച കേസ് മാർച്ചിൽ തീർപ്പാക്കുമെന്നാണ് ഇരു വിഭാഗവും പ്രതീക്ഷിക്കുന്നത്. കേസ് തീർപ്പാകുന്നില്ലെങ്കിൽ മാത്രം സ്വന്തം പാർട്ടി രൂപീകരണവുമായി മുന്നോട്ടു പോയാൽ മതിയെന്ന ഉപദേശവും സംസ്ഥാന നേതൃത്വം വീരേന്ദ്രകുമാറിനു നൽകിയിട്ടുണ്ട്. ശരദ് യാദവിനൊപ്പം തന്നെ തുടരുന്നതിനെയാണ് പാർട്ടിയിൽ വലിയ വിഭാഗം അനുകൂലിക്കുന്നത്.

അതേസമയം, വീരേന്ദ്രകുമാറിനൊപ്പമുള്ളവർ പലരും ബന്ധപ്പെട്ടു തുടങ്ങിയതായി ജെഡിയു നിതീഷ് പക്ഷം പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ഞായറാഴ്ച്ച തിരുവനന്തപുരത്ത് ചേരും. ഭാവി തീരുമാനങ്ങൾ യോഗത്തിലെടുക്കും. യുഡിഎഫ് നേതൃത്വവുമായി അനൗപചാരിക ചർച്ചകൾ പൂർത്തിയായി.

സംസ്ഥാന കമ്മിറ്റിക്കു ശേഷം എല്ലാ ജില്ലകളിലും യോഗം വിളിക്കുമെന്നും നേതാക്കൾ പറഞ്ഞു.

related stories