Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിവിന്റെ മരണം: അന്വേഷണത്തിലെ സ്റ്റേ നീക്കാൻ സർക്കാർ കോടതിയിൽ

custody-death-order-sreejiv

കൊച്ചി∙ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പൊലീസ്‌‌‌ കംപ്ലയിന്റ് അതോറിറ്റിയുടെ അന്വേഷണ ഉത്തരവിനു കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാർ ഉപഹർജി നൽകി. പൊലീസ്‌‌‌ കംപ്ല യിന്റ് അതോറിറ്റിയുടെ നടപടി ക്കെതിരെ പാറശാല സിഐ ബി. ഗോപകുമാർ നൽകിയ ഹർജിയി ലാണ് സർക്കാരിന്റെ ഉപഹർജി. സിബിഐ അന്വേഷണത്തിനു സർക്കാർ അനുമതി നൽകി യിട്ടണ്ടെന്നും സ്റ്റേ നിലനിൽക്കുന്നതിനാൽ പൊലീസിനു തുടർനടപടി സാധിക്കുന്നില്ലെന്നും ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി എം.പി. പ്രിയാമോൾ സത്യവാങ്മൂലത്തിൽ അറിയിച്ചു. 

പാറശാല പൊലീസ് 2014 മേയ് 19നു കസ്റ്റഡിയിലെടുത്ത ശ്രീജിവിന്റെ മരണം 21ന് ആയിരുന്നു. കസ്റ്റഡി പീഡനവുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസിലെ അംഗങ്ങൾക്കെതിരെ ആരോപണം ഉള്ളതിനാൽ സിബിഐ അന്വേഷിക്കുന്നതാണ് ഉചിതം. കസ്റ്റഡി പീഡനമെന്ന അഭിപ്രായമാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കുമുള്ളത്. നിഗമനത്തിനുള്ള കാരണങ്ങളും അതോറിറ്റി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നടപടികളിൽ കോടതി ഇടപെടരുതെന്നും സ്റ്റേ നീക്കണമെന്നും സർക്കാർ ഉപഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്തിന്റെ പരാതിയിലായിരുന്നു പൊലീസ്‌‌‌ കംപ്ലയിന്റ് അതോറിറ്റിയുടെ നടപടി. സംഭവം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും സിബിഐ അന്വേഷണമാണ് സഹോദരൻ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ കേസ് സിബിഐക്കു വിടാൻ കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

770 ദിവസം പിന്നിട്ട്  ശ്രീജിത്തിന്റെ സമരം

തിരുവനന്തപുരം∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം 770 ദിവസം പിന്നിട്ടു. 

ഇന്നലെ വൈകിട്ടു ശ്രീജിത്തിനെ ഡോക്ടർമാരുടെ സംഘം  പരിശോധിച്ചു. ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നാണു റിപ്പോർട്ട്. 40  ദിവസമായി ഗ്ലൂക്കോസ് മാത്രമാണ് ശ്രീജിത്ത് കഴിക്കുന്നത്. വിഷയം ഏറ്റെടുത്തു രംഗത്തെത്തിയ സമൂഹ മാധ്യമകൂട്ടായ്മ പ്രവർത്തകരാണ് ഒപ്പമുള്ളത്.