Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

shyam-prasad വെട്ടേറ്റു മരിച്ച ശ്യാം പ്രസാദ്.

പേരാവൂർ / കൂത്തുപറമ്പ് (കണ്ണൂർ) ∙ ആർഎസ്എസ് പ്രവർത്തകനായ വിദ്യാർഥിയെ കാറിലെത്തിയ മുഖംമൂടി സംഘം നടുറോഡിൽ ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തി. ആർഎസ്എസ് കണ്ണവം പതിനേഴാംമൈൽ ശാഖ മുഖ്യശിക്ഷകും കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാർഥിയുമായ ശ്യാംപ്രസാദ് (24) ആണു കൊല്ലപ്പെട്ടത്. കൊലനടത്തിയവരെന്നു കരുതുന്ന നാലംഗ സംഘത്തെ പിന്നീടു വയനാട് തലപ്പുഴ പൊലീസ് വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ പ്രവർത്തകരാണെന്നു സൂചനയുണ്ട്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ കണ്ണൂർ ജില്ലയിലും മാഹിയിലും ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വൈകിട്ട് അഞ്ചുമണിയോടെ തലശ്ശേരി–നെടുംപൊയിൽ റോഡിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കാറിൽ പിന്തുടർന്ന മുഖംമൂടി സംഘം കോളയാടിനടുത്തു കൊമ്മേരി ഗവ. ആടുവളർത്തു കേന്ദ്രത്തിനു മുൻപിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വെട്ടേറ്റ ശ്യാംപ്രസാദ് ഇടവഴിയിലൂടെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വാതിൽ പൂട്ടിയിരുന്നതിനാൽ അകത്തു കടക്കാനായില്ല. പിന്നാലെ എത്തിയ അക്രമികൾ വരാന്തയിൽ വെട്ടിവീഴ്ത്തുകയായിരുന്നു.

ശ്യാംപ്രസാദിന്റെ നിലവിളി കേട്ടു സമീപത്തു നിന്ന് ഓടിയെത്തിയ തൊഴിലുറപ്പു തൊഴിലാളികളെയും അക്രമികൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. കൂടുതൽ ആളുകൾ ഓടിയെത്തിയപ്പോഴേക്കു സംഘം കാറിൽ സ്ഥലം വിട്ടു. വീട്ടിലുണ്ടായിരുന്നവരും ഓടിക്കൂടിയവരും ചേർന്നു ശ്യാംപ്രസാദിനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും വഴിയിൽ മരിച്ചു. രാത്രി ഏഴു മണിയോടെയാണു നാലംഗ സംഘം വയനാട്ടിൽ പിടിയിലായത്.

ചിറ്റാരിപ്പറമ്പിനു സമീപം ആലപ്പറമ്പ് തപസ്യയിൽ രവീന്ദ്രന്റെയും ഷൈമയുടെയും മകനാണു കൊല്ലപ്പെട്ട ശ്യാംപ്രസാദ്. സഹോദരങ്ങൾ: ജോഷി, ഷാരൂൺ.

അക്രമി സംഘമെത്തിയ കാറിന്റെ നമ്പർ മറച്ചിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോൺ, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, പേരാവൂർ സിഐ എ.കുട്ടിക്കൃഷ്ണൻ, എസ്ഐ കെ.വി.സ്മിതേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ചിറ്റാരിപ്പറമ്പിൽ കഴിഞ്ഞ ദിവസം എസ്‍‍ഡിപിഐ–ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

related stories