Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം സമ്മേളനങ്ങളിൽ വിമർശനം; എഡിജിപിയും ഐജിയും തെറിച്ചു

police ബി.സന്ധ്യ, പി.വിജയൻ

തിരുവനന്തപുരം ∙ വരുതിക്കു നിൽക്കാത്തവർ പുറത്ത്. എഡിജിപി ബി.സന്ധ്യയുടെയും കൊച്ചി റേഞ്ച് ഐജി പി.വിജയന്റെയും മാറ്റത്തിലൂടെ എൽഡിഎഫ് സർക്കാർ ഒരിക്കൽക്കൂടി ഐപിഎസ് ഉദ്യോഗസ്ഥർക്കു ശക്തമായ സന്ദേശം നൽകി. ആഘോഷത്തോടെ പ്രതിഷ്ഠിച്ച ഉദ്യോഗസ്ഥരെ സിപിഎം ജില്ലാ സമ്മേളനങ്ങളിലെ വിമർശനംകൂടിയായതോടെ ഒരു ദാക്ഷിണ്യവുമില്ലാതെ പുറത്താക്കാൻ ഭരണനേതൃത്വം നിർബന്ധിതമായി.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ഉടൻ തുടങ്ങാനിരിക്കെ അന്വേഷണ സംഘത്തിന്റെ മേധാവിയായ സന്ധ്യയുടെ മാറ്റം കീഴുദ്യോഗസ്ഥരെയും ഞെട്ടിച്ചു. പിണറായിസർക്കാർ അധികാരമേറ്റ ഉടൻ നടത്തിയ സുപ്രധാന നിയമനങ്ങളായിരുന്നു എഡിജിപിമാരായ ആർ.ശ്രീലേഖയുടേതും സന്ധ്യയുടേതും. ശ്രീലേഖയെ ഇന്റലിജൻസ് തലപ്പത്തും സന്ധ്യയെ ദക്ഷിണമേഖലയിലും നിയമിച്ചു. ഒരു വർഷം തികഞ്ഞപ്പോൾ ശ്രീലേഖയെ മാറ്റി ജയിൽ മേധാവിയാക്കി. രണ്ടു വർഷം പൂർത്തിയാകുംമുൻപേ സന്ധ്യയുടെ കസേരയും തെറിച്ചു.

പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി കൊല്ലപ്പെട്ട കേസ് അന്വേഷണത്തിനു മേൽനോട്ടം വഹിച്ചു പ്രതിക്കു കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ സന്ധ്യ പ്രധാന പങ്കാണു വഹിച്ചത്. അതിനു പിന്നാലെയാണു നടിയെ പീഡിപ്പിച്ച കേസിൽ നടൻ ദിലീപിന്റെ അറസ്റ്റ് വരെ സന്ധ്യയുടെ സംഘം അന്വേഷണം എത്തിച്ചത്. ഇതിനിടെ, ഈ സംഘത്തിലെ ഐജി ദിനേന്ദ്ര കശ്യപിനെ ക്രൈം ബ്രാഞ്ചിൽനിന്നു പൊലീസ് ആസ്ഥാനത്തേക്കു മാറ്റിയതു വിവാദമായിരുന്നു. കശ്യപ് സംഘത്തിൽ തുടരുമെന്നു തുടർന്നു ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. എന്നാൽ, കേസിന്റെ തുടർനടപടികൾ പലതും പൊലീസ് ആസ്ഥാനത്തെ ഉന്നതൻ അറിയുന്നില്ലെന്ന പരാതി സർക്കാരിലെത്തി.

കഴിഞ്ഞയാഴ്ച ദിനേന്ദ്ര കശ്യപ് മുഖ്യമന്ത്രിയെ സന്ദർശിക്കുകയും ചെയ്തു. എന്നാൽ, അതിനൊന്നും ചെവികൊടുക്കാതെ അന്വേഷണ സംഘം കേസിന്റെ വിചാരണയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. കൊച്ചിയിൽ പാർട്ടിക്കു വഴങ്ങാത്ത റേഞ്ച് ഐജിമാർ വാഴില്ലെന്നു വീണ്ടും ഉദ്യോഗസ്ഥരെ ഓർമിപ്പിക്കുന്നതായി പി.വിജയന്റെ മാറ്റം. ഭരണത്തിലെത്തിയപ്പോൾ സർക്കാരിന്റെ വിശ്വസ്തനായി നിയമിച്ച ഐജി എസ്.ശ്രീജിത്തിന്റെ കസേര തെറിച്ചതു സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെ അറസ്റ്റിലാണ്. പിന്നാലെയെത്തിയ വിജയൻ കൊച്ചിയിലെ ബ്ലേഡ് പലിശക്കാരെ പിടിക്കാൻ ശ്രമിച്ചതു പാർട്ടിക്ക് ഇഷ്ടപ്പെട്ടില്ല. ചില നേതാക്കളുടെ ബെനാമികൾ പിടിയിലായപ്പോൾ അവരെ ഒഴിവാക്കാൻ ശ്രമമുണ്ടായി. എന്നാൽ, ഫോണെടുത്ത പൊലീസ് ഉദ്യോഗസ്ഥരെല്ലാം ‘ഐജി പറഞ്ഞിട്ടാണ് അറസ്റ്റ്’ എന്ന മറുപടിയാണു നൽകിയത്. ഇത് ഐജിയെ നോട്ടപ്പുള്ളിയാക്കി.

കൂടാതെ, പ്രധാനമന്ത്രിയുടെ ‘മൻ കീ ബാത്തി’ൽ ‘പുണ്യം പൂങ്കാവനം’ പദ്ധതിയെയും വിജയനെയും ശ്ലാഘിച്ചു പരാമർശമുണ്ടായതും സർക്കാരിനെ ചൊടിപ്പിച്ചു. ഈ പദ്ധതി സംബന്ധിച്ചു കേന്ദ്രം ഔദ്യോഗികമായി സംസ്ഥാന സർക്കാരിനോടു വിവരം ആരായുകയോ ഇവിടെനിന്നു നൽകുകയോ ചെയ്തിരുന്നില്ല. പിന്നെ ഇതെങ്ങനെ പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറി എന്ന സംശയവും നടപടിക്കു പിന്നിലുണ്ട്. ഇതോടൊപ്പമാണു പൊലീസ് പാർട്ടിയുടെ വരുതിയിൽ നിൽക്കുന്നില്ലെന്ന വിമർശനം സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. നേരത്തേ കൊല്ലം സമ്മേളനത്തിലും ഇതേ വിമർശനമുണ്ടായി. ഇതിന്റെയെല്ലാം തുടർച്ചയായാണു കൊച്ചിയിൽനിന്നു തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി വ്യാഴാഴ്ച അർധരാത്രിതന്നെ സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പിട്ടത്.

‘മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രം’ എന്ന കാൾ മാർക്സ് വചനമായിരുന്നു സ്ഥലംമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്റെ പ്രതികരണം.

രണ്ടു വർഷം തികയാതെ മാറ്റരുതെന്നു കോടതിവിധി

ക്രമസമാധാന ചുമതലയിലുള്ള ഉദ്യോഗസ്ഥരെ രണ്ടു വർഷം തികയാതെ അകാരണമായി മാറ്റരുതെന്നാണു സുപ്രീം കോടതി വിധി. സുപ്രീം കോടതിയിൽനിന്ന് അനുകൂലവിധി നേടി മുൻ ഡിജിപി ടി.പി.സെൻകുമാർ അതു തെളിയിച്ചിരുന്നു.

എന്നാൽ, സന്ധ്യയും വിജയനും സർക്കാർതീരുമാനം ചോദ്യംചെയ്യാൻ ധൈര്യപ്പെടില്ലെന്നാണു പൊലീസ് ഉന്നതർ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഐപിഎസ് അസോസിയേഷൻ യോഗം ചേർന്ന് ഉദ്യോഗസ്ഥർക്ക് ഒരു തസ്തികയിൽ രണ്ടു വർഷത്തെ നിയമനം ഉറപ്പാക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ മാറ്റം.