Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാണ്ടിക്കെതിരെ 20 തെളിവുകൾ; കണ്ടെത്തലുകൾ ഗുരുതരം

Thomas Chandy

കോട്ടയം∙ ലേക് പാലസ് റിസോർട്ടിലേക്ക് നെൽവയൽ നികത്തി റോഡ് പണിത കേസിൽ മുൻമന്ത്രി തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കിയ ആദ്യ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ ശക്തം. കൂടുതൽ തെളിവുകളിലേക്കു പോയപ്പോഴാണ് സംഘത്തെ മാറ്റാൻ സമ്മർദമുണ്ടായതെന്നാണു സൂചന.

ഇരുപതോളം തെളിവുകൾ ചേർത്താണു തോമസ് ചാണ്ടിയെ പ്രതിയാക്കി അന്വേഷണ സംഘം എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കലക്ടർമാരെ ഒഴിവാക്കണമെന്ന പേരിൽ ചില മാറ്റങ്ങൾ വരുത്തി റിപ്പോർട്ട് മാറ്റി തയാറാക്കണമെന്ന് അന്വേഷണസംഘത്തിന്റെ മേൽ സമ്മർദമുണ്ടായി. എന്നാൽ ഇതിനു തയാറാകാതെ വന്നതോടെയാണു പെട്ടെന്നു സംഘത്തെ മാറ്റിയതെന്നാണു വിവരം. തുടർന്ന് പുതിയ അന്വേഷണ സംഘത്തലവൻ എസ്പി കെ.ഇ.ബൈജു എഫ്ഐആർ കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ചു. കലക്ടർമാരെ പ്രതിയാക്കേണ്ടെന്ന പേരിൽ ചില ശക്തമായ തെളിവുകൾ അന്വേഷണ റിപ്പോർട്ടിൽ നിന്നു മാറ്റി മുൻമന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കുകയെന്ന നിർദേശമാണ് ഉന്നതതലത്തിൽ ഉണ്ടായതെന്നാണു സൂചന.

സ്വന്തം പേരിൽ സ്ഥലമില്ലെന്ന വാദമാണു തോമസ് ചാണ്ടി വിജിലൻസിനെ അറിയിച്ചതെങ്കിലും വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ 93 ശതമാനം ഓഹരിയും തോമസ് ചാണ്ടിക്കും ബന്ധുക്കൾക്കും കൂടിയാണെന്നും റോഡു നിർമാണം കൊണ്ടു കമ്പനിക്കു ഗുണം കിട്ടിയെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കയ്യേറ്റം സംബന്ധിച്ചു വിവാദം കത്തിയപ്പോൾ നാലുമാസം കമ്പനി ചെയർമാൻ സ്ഥാനത്തു നിന്നും ഡയറക്ടർ ബോർഡ് സ്ഥാനത്തുനിന്നും തോമസ് ചാണ്ടി രാജിവച്ചുവെങ്കിലും നാലുമാസം കഴിഞ്ഞപ്പോൾ തോമസ് ചാണ്ടി ഡയറക്ടർ ബോർഡിൽ തിരിച്ചെത്തി.

റോഡ് നിർമിച്ച സ്ഥലം അമ്പലപ്പുഴ നിയോജകമണ്ഡലത്തിലാണ്. പക്ഷേ ഇൗ റോഡ് ടാർ ചെയ്യണമെന്നു ശുപാർശ ചെയ്ത് സർക്കാരിനു കത്തുനൽകിയത് കുട്ടനാട് എംഎൽഎയായ തോമസ് ചാണ്ടിയാണ്. തന്റെ മണ്ഡലത്തിൽ അല്ലാത്ത റോഡ് ടാർ ചെയ്യാൻ ശുപാർശ ചെയ്തതു സർക്കാർ ഫണ്ട് ദുരുപയോഗത്തിനു തെളിവായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലം നികത്തൽ അനുമതി നൽകുന്നതിനു വില്ലേജ് ഓഫിസറും കൃഷി ഓഫിസറും പാടശേഖരസമിതി പ്രതിനിധികളും ഉൾപ്പെടുന്ന ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചെങ്കിലും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായ സംസ്ഥാനതല കമ്മിറ്റി അനുമതി നൽകിയിരുന്നില്ല. എന്നിട്ടും ടാർ ചെയ്യുന്നതിനു സർക്കാർ ഫണ്ടും എംപി ഫണ്ടുമെത്തിയത് ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നുവെന്നതിനു തെളിവാണെന്നു റിപ്പോർട്ടിൽ പറയുന്നു.

റോഡ് നിർമാണത്തിനു ജില്ലാ പ്ലാനിങ് ഓഫിസർ അനുമതി നിഷേധിച്ചെങ്കിലും കല്കടർ അനുമതി നൽകി. ഇൗ റോഡ് നഗരസഭ ഏറ്റെടുക്കുകയോ നഗരസഭയുടെ ആസ്തി റജിസ്റ്ററിൽ ചേർക്കുകയോ ചെയ്തിട്ടില്ല. നഗരസഭ റോഡ് ഏറ്റെടുക്കാതെ ടാർ ചെയ്യാൻ സർക്കാരിന് അനുമതി നൽകാൻ കഴിയില്ല. പിന്നെങ്ങനെ റോഡ് ടാർ ചെയ്തുവെന്നത് ദുരൂഹമാണെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഫിഷറിസ് വകുപ്പ് എൻജിനീയറിങ് വിഭാഗം സ്വന്തമായൊരു പ്ലാൻ വരച്ചുണ്ടാക്കി നഗരസഭയ്ക്കു നൽകി തെറ്റിദ്ധരിപ്പിച്ചു രേഖകളുണ്ടാക്കിയെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ.