Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളിയാർ വെള്ളം ചിറ്റൂർപ്പുഴയിലേക്ക്; അടുത്തമാസം 15 വരെ

പാലക്കാട്∙ആളിയാർ അണക്കെട്ടിൽ നിന്ന് ചിറ്റൂർപ്പുഴയിലേക്കു ഫെബ്രുവരി 15 വരെ സെക്കൻഡിൽ 400 ഘനഅടി തോതിൽ 1.1 ടിഎംസി ജലം ലഭ്യമാക്കാൻ തിരുവനന്തപുരത്തു നടന്ന കേരള, തമിഴ്നാട് സെക്രട്ടറി തല ചർച്ചയിൽ തീരുമാനം. കരാർ പ്രകാരം ബാക്കിയുള്ള 1.5 ടിഎംസി ജലം കൃഷിക്കും കുടിവെള്ളത്തിനുമായി തുടർന്നുള്ള കാലയളവിൽ വേണമെന്നു ഫെബ്രുവരി 10ന് ചെന്നൈയിൽ വീണ്ടും നടത്തുന്ന സെക്രട്ടറി തല ചർച്ചയിൽ കേരളം ആവശ്യപ്പെടും. 

കരാർ ലംഘനങ്ങളും അന്ന് ചർച്ചയ്ക്കെടുക്കും. പറമ്പിക്കുളം ഡാമിൽ നിന്നു കോണ്ടൂർ കനാ‍ൽ വഴി ആളിയാറിലേക്കു ജലവിതരണം പുനരാരംഭിച്ചാണു ചിറ്റൂർപ്പുഴയിലേക്കു വെള്ളം ലഭ്യമാക്കുക. നിലവിൽ പറമ്പിക്കുളത്തു നിന്ന് ആളിയാറിലേക്കുള്ള ജലവിതരണം തമിഴ്നാട് നിർത്തിയിരിക്കുകയാണ്. ആളിയാറിൽ ഉപയോഗിക്കാവുന്ന അളവിൽ 500 ദശലക്ഷം ഘനഅടി ജലം മാത്രമേ അവശേഷിച്ചിട്ടുള്ളു. ഇതേത്തുടർന്നാണു പറമ്പിക്കുളത്തു നിന്ന് ആളിയാറിലേക്കു ജലം എത്തിക്കുന്നത്. പറമ്പിക്കുളത്ത് ഉപയോഗിക്കാവുന്ന വിധത്തിൽ 3.2 ടിഎംസി ജലം ഉണ്ട്. 

കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, സെക്രട്ടറി ടിങ്കു ബിസ്വാൾ, വൈദ്യുതി ബോർഡ് ചെയർമാൻ ഡോ. കെ.ഇളങ്കോവൻ, ജലവിഭവവകുപ്പ് ചീഫ് എൻജിനീയർ കെ.എ.ജോഷി, സംയുക്ത ജലക്രമീകരണ ബോർഡ് ജോയിന്റ് ഡയറക്ടർ പി.സുധീർ, തമിഴ്നാടിനെ പ്രതിനിധീകരിച്ച് പിഡബ്ല്യുഡി പ്രിൻസിപ്പൽ സെക്രട്ടറി പ്രഭാകർ, വൈദ്യുതി ബോർഡ് ചെയർമാൻ സായ്കുമാർ, കാവേരി ട്രൈബ്യൂണൽ തമിഴ്നാട് ടെക്നിക്കൽ സെൽ ചെയർമാൻ സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു. 

∙ ഇതുവരെ 4.65 ടിഎംസി ജലം കിട്ടി

പറമ്പിക്കുളം–ആളിയാർ പദ്ധതിയിൽ നിന്ന് നടപ്പു ജലവർഷത്തിൽ ഇതുവരെയായി 4.65 ടിഎംസി ജലമാണു ചിറ്റൂർപ്പുഴയിലേക്കു ലഭിച്ചത്. ജൂൺ 30നു മുൻപ് 2.6 ടിഎംസി ജലം കൂടി ലഭിക്കണം. ജൂലൈ ഒന്നു മുതൽ അടുത്ത വർഷം ജൂൺ 30 വരെ നീളുന്ന ഒരു ജലവർഷത്തിൽ ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്ക് 7.25 ടിഎംസി ജലം ലഭ്യമാക്കണമെന്നാണു കരാർ വ്യവസ്ഥ.